തമിഴ്നാട് ബിജെപിയിൽ രാജിപ്രവാഹം തുടരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈക്കും വൈസ് പ്രസിഡന്റ് കരു നാഗരാജനും പിന്നാലെ സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷും പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഏറെ ആലോചനകൾക്ക് ശേഷമാണ് തീരുമാനമെന്ന് അവർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജിപ്രവാഹം. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈക്കും, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനും പിന്നാലെ തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നാമതൊരു പ്രമുഖ ബിജെപി നേതാവ് കൂടി പാർട്ടിയിൽ നിന്ന് രാജിവെച്ചു. തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷാണ് രാജിവെച്ചത്. ബിജെപി വിട്ട വിവരം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അവർ പുറത്ത് വിട്ടത്. ഏറെ ആലോചനകൾക്ക് ശേഷമാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും വിഷമത്തോടെയാണ് തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാരതീയ ജനതാ പാർട്ടി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറാനും പാർട്ടി ബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു. ബിജെപിയെ സേവിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതകുന്നുവെന്നും അവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും, ബി.ജെ.പി ഉയർത്തിപ്പിടിക്കുന്ന ദേശീയത, ദേശസ്‌നേഹം, രാജ്യസേവനം എന്നീ ആദർശങ്ങളിലും ഞാൻ ഇപ്പോഴും ആഴത്തിൽ പ്രചോദിതയാണ്. ഈ മൂല്യങ്ങളാണ് എന്റെ യാത്രയിലുടനീളം എന്നെ നയിച്ചത്, അത് തുടർന്നും ചെയ്യും," അവർ കൂട്ടിച്ചേർത്തു.

വളരെയധികം ചിന്തിച്ച ശേഷമാണ് പ്രയാസകരമായ ഈ തീരുമാനമെടുത്തത്, അതിൽ സങ്കടവുമുണ്ട്. എന്റെ സേവനകാലത്ത് എനിക്ക് മാർഗനിർദേശവും പിന്തുണയും പ്രോത്സാഹനവും നൽകിയ ദേശീയ-സംസ്ഥാന തലങ്ങളിലെ എല്ലാ പാർട്ടി നേതാക്കളോടും ഭാരവാഹികളോടും കാര്യകർത്താക്കളോടും നന്ദി പറയുന്നുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച പോസ്റ്റിൽ സുമതി വെങ്കിടേഷ് വ്യക്തമാക്കി.