ദില്ലിയിലെ വായുമലിനീകരണം കുറയ്ക്കാൻ നടത്തിയ ക്ലൗഡ് സീഡിങ് പരീക്ഷണം ഈർപ്പം കുറവായതിനാൽ വിജയിച്ചില്ല. പരീക്ഷണം തുടരാനും കൂടുതൽ ആന്‍റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കാൻ തീരുമാനം.

ദില്ലി: ദില്ലിയിൽ വായുമലിനീകരണം കുറയ്ക്കാൻ ഇന്നലെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്തില്ല. ഈർപ്പം കുറവായിരുന്നതിനാലാണ് ഇതെന്നാണ് പരിസ്ഥിതി മന്ത്രി മൻജിന്ദർ സിങ് സിർസ നൽകിയ വിശദീകരണം. ദില്ലിയിൽ ഇന്ന് വീണ്ടും ക്ലൗഡ് സീഡിങ് നടത്തും. കൂടാതെ ദില്ലിയിലെ കൂടുതൽ കെട്ടിടങ്ങളിൽ ആന്‍റി സ്മോഗ് ഗൺ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു.

സാധാരണയായി അൻപത് ശതമാനത്തിലധികം ഈർപ്പം ആവശ്യമാണ്. ഐഐടി കാൺപൂർ ആണ് പരീക്ഷണം നടത്തിയത്. 10–15 ശതമാനം ഈർപ്പമുള്ള സാഹചര്യങ്ങളിൽ ക്ലൗഡ് സീഡിങ് നടത്താൻ കഴിയുമോ എന്നായിരുന്നു പരീക്ഷണം. ഐഐടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നതിനാലാണ് സർക്കാർ ക്ലൗഡ് സീഡിങുമായി മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു.

ഐഐടി കാൺപൂറിന്‍റെ വിശദീകരണം

അതേസമയം ക്ലൗഡ് സീഡിങിന് ശേഷം നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നേരിയ മഴ ലഭിച്ചതായി ഐഐടി കാൺപൂരിന്‍റെ റിപ്പോർട്ടിൽ പറയുന്നു. കാൺപൂരിനും മീററ്റിനും ഇടയിൽ രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് ക്ലൌഡ് സീഡിങ് നടത്തിയത്. ആദ്യത്തെ വിമാനം ഐ.ഐ.ടി. കാൺപൂരിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.13 ന് പുറപ്പെട്ട് 2.30 ന് മീററ്റിൽ എത്തി. രണ്ടാമത്തേത് ഉച്ച കഴിഞ്ഞ് 3.45 ന് മീററ്റിൽ നിന്ന് പുറപ്പെട്ട് 4.45 ന് തിരിച്ചെത്തി. കുറഞ്ഞ ഈർപ്പമുള്ള സാഹചര്യങ്ങളിൽ ഫലമുണ്ടാകുമോയെന്ന് പരിശോധിക്കുന്നതിനായി രണ്ട് വിമാനങ്ങളും ഖേക്ര, ബുരാരി, നോർത്ത് കരോൾ ബാഗ്, മയൂർ വിഹാർ, സദക്പൂർ, ഭോജ്പൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒരേ പാതയിലാണ് സഞ്ചരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ നോയിഡയിലും (0.1 മില്ലിമീറ്റർ) ഗ്രേറ്റർ നോയിഡയിലും (0.2 മില്ലിമീറ്റർ) നേരിയ മഴ രേഖപ്പെടുത്തി. ആദ്യ റൗണ്ട് ക്ലൌഡ് സീങിഡിന് ശേഷം വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ക്ലൗഡ് സീഡിങ് തുടരുമെന്ന് മന്ത്രി

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന കാറ്റിന്റെ ദിശ സംബന്ധിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ക്ലൌഡ് സീഡിങ് വരും ദിവസങ്ങളിൽ തുടരുമെന്ന് മന്ത്രി സിർസ അറിയിച്ചു. വായു മലിനീകരണം ലഘൂകരിക്കുന്നതിന് സർക്കാർ എടുത്ത വലിയ ചുവടുവയ്പ്പാണിത്. ഇത് വിജയകരമായാൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ദീർഘകാല പദ്ധതിക്ക് രൂപം നൽകുമെന്നും സിർസ പറഞ്ഞു. വായു മലിനീകരണം വർദ്ധിക്കുന്ന ശീതകാല മാസങ്ങളിൽ അന്തരീക്ഷത്തിലെ മാലിന്യങ്ങളെ കൃത്രിമ മഴയിലൂടെ കഴുകിക്കളയാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.