ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കുന്നതിനായുള്ള ഇന്ത്യൻ സംഘം റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി
ദില്ലി: കനിമൊഴി അധ്യക്ഷയായ സംഘം റഷ്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ടു. വിദേശകാര്യമന്ത്രാലയത്തിന്‍റെ ഫെഡറേഷൻ കൗൺസിൽ കമ്മിറ്റി അംഗങ്ങളെയാണ് കണ്ടത്. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കുന്നതിനായാണ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം റഷ്യയിലെത്തിയത്. റഷ്യയിലെ ഇന്ത്യൻ അംബാസിഡർ വിനയ് കുമാറും ഈ സംഘത്തോടൊപ്പം ചേർന്നു. ഇദ്ദേഹവും റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇന്ത്യൻ സംഘം മോസ്കോയിൽ പറന്നിറങ്ങാനിരിക്കെ വ്യോമപാതയിൽ യുക്രൈൻ ആക്രമണം നടന്നത് ആശങ്കയുളവാക്കി. എംപിമാർ യാത്ര ചെയ്ത വിമാനം ഇതേ തുടർന്ന് ലാൻഡ് ചെയ്യാൻ വൈകി. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെയാണ് അവർ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. യുക്രൈൻ്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഈ വ്യോമപാത താത്കാലികമായി അടച്ചു. തുടർന്ന് വിമാനം ലാൻഡ് ചെയ്യാതെ ആകാശത്ത് വട്ടമിട്ട് നിലയുറപ്പിച്ച ശേഷമാണ് താഴേക്ക് ഇറങ്ങിയത്.


