ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കി രംഗത്തെത്തിയിരുന്നു. 

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അടുത്തിടെ നടന്ന സംഘർഷത്തിൽ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുർക്കിയ്ക്ക് കനത്ത തിരിച്ചടി. പാകിസ്ഥാന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തുർക്കിയിലേയ്ക്കുള്ള യാത്രകൾ ബഹിഷ്കരിച്ചിരിക്കുകയാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ. ഇതോടെ തുർക്കിയുടെ ടൂറിസം മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യൻ സഞ്ചാരികൾ ഇപ്പോൾ തുർക്കിയ്ക്ക് സമാനമായ അന്തരീക്ഷവും കുറഞ്ഞ ചെലവുമുള്ള മറ്റ് സ്ഥലങ്ങൾ തെരഞ്ഞെടുക്കുകയാണ്. പ്രധാനമായും ​ഗ്രീസും ഈജിപ്തുമാണ് ഇന്ത്യക്കാർ ബദലായി കണക്കാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

2024ൽ 3.3 ലക്ഷം ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. ഇതേ കാലയളവിൽ 2.4 ലക്ഷം ഇന്ത്യക്കാർ അസർബൈജാനും സന്ദർശിച്ചു. ഇത് ഈ രാജ്യങ്ങളുടെ ടൂറിസം സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നൽകിയത്. കഴിഞ്ഞ വർഷം തുർക്കിയുടെയും അസർബൈജാന്റെയും ടൂറിസം സമ്പദ്‌വ്യവസ്ഥയ്ക്ക് 69 ബില്യണിലധികമായിരുന്നു ഇന്ത്യക്കാരുടെ മാത്രം സംഭാവന. ഇ-വിസ സൗകര്യം, കുറഞ്ഞ വിമാന യാത്രാ സമയം, നേരിട്ടുള്ള വിമാന കണക്ഷനുകൾ എന്നിവയാണ് അസർബൈജാന് ഇന്ത്യക്കാർക്കിടയിൽ സ്വീകാര്യത വർധിപ്പിച്ചത്.

മറുവശത്ത്, ചരിത്രപരമായ സ്ഥലങ്ങൾ, വൈവിധ്യമാർന്ന പ്രകൃതി, താരതമ്യേന താങ്ങാനാവുന്ന ബജറ്റ് എന്നിവയാണ് തുർക്കിയ്ക്ക് ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ പ്രചാരം നേടിക്കൊടുത്തത്. തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങൾക്ക് പകരം കസാക്കിസ്ഥാൻ, അർമേനിയ, ഗ്രീസ്, ഈജിപ്ത്, ക്രൊയേഷ്യ, മൊറോക്കോ, ജോർജിയ, അർമേനിയ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇപ്പോൾ ഇന്ത്യൻ സഞ്ചാരികൾ മുൻ​ഗണന നൽകുന്നത്. 

പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഭീകവാദികളെ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയിരുന്നു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ട് തകർത്തത്. എന്നാൽ, ഇന്ത്യയ്ക്ക് എതിരെ നിലപാട് സ്വീകരിച്ച തുർക്കി പാകിസ്ഥാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ പാകിസ്ഥാൻ തുർക്കിയുടെ ഡ്രോണുകൾ ഉപയോ​ഗിച്ചാണ് ഇന്ത്യയ്ക്ക് നേരെ പ്രകോപനം സൃഷ്ടിച്ചത്.

പാക് അനുകൂല നിലപാട് സ്വീകരിച്ച തുർക്കിയെ ബഹിഷ്കരിക്കണമെന്ന ആവശ്യം ഇന്ത്യയിൽ ശക്തമായി ഉയർന്നിരുന്നു. ബഹിഷ്‌കരണ ആഹ്വാനങ്ങൾക്കിടയിൽ ഇന്ത്യൻ ട്രാവൽ കമ്പനികൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള ബുക്കിംഗുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുർക്കി ഉത്പ്പന്നങ്ങൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം പോലും പല കോണുകളിൽ നിന്നും ഉയർന്നുവന്നിരുന്നു. തുർക്കിയ്ക്ക് എതിരെ ഇന്ത്യയിലെ രാഷ്ട്രീയക്കാർ കൂടി രം​ഗത്തെത്തിയതോടെ വിഷയം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി.