നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു...
ഹൈദരാബാദ്: ആഴ്ചകളോളം പൊള്ളുന്ന ചൂടിന് ശേഷം ഹൈദരാബാദിൽ (Hyderabad) ഇപ്പോൾ ശക്തമായ കാറ്റും മഴയും (Rain). തെലങ്കാനയിൽ ഉടനീളം വീശിയടിക്കുന്ന ഉഷ്ണ തരംഗത്തിൽ നിന്ന് ആശ്വാസമാവുകയാണ് മഴ. എന്നാൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം നിറഞ്ഞ റോഡിലൂടെ റബ്ബർ ബോട്ടിൽ യാത്ര ചെയ്യുന്ന ആളുകളുടെ വീഡിയോ പ്രചരിക്കുന്നുണ്ട്.
നഗരത്തിലെ കാലാ പഥർ, യാകുത്പുര ജില്ലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മരങ്ങൾ കടപുഴകി വീണ് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെറിയ മഴയിൽ തന്നെ റോഡുകൾ തകർന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഹൈദരാബാദിലെ സെക്കന്തരാബാദിന് സമീപമുള്ള സീതാഫൽമണ്ടിയിൽ രാവിലെ 6 മണിക്ക് 72.8 മില്ലീമീറ്ററും ബൻസിലാൽപേട്ടിൽ 67 മില്ലീമീറ്ററും വെസ്റ്റ് മാരേഡ്പള്ളിയിൽ 61.8 മില്ലീമീറ്ററും മഴ പെയ്തു.
