നാല് സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മാത്രമാണ് പ്രതിപക്ഷം നേട്ടമുണ്ടാക്കിയത്. ബിജെപി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ക്കിടയിലും നാലില്‍ മൂന്ന് സീറ്റ് നേടാനായി. 

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെയും, ഹരിയാനയിലെയും കനത്ത തിരിച്ചടിയില്‍ നടപടിക്കൊരുങ്ങി പ്രതിപക്ഷം. മഹാരാഷ്ട്രയില്‍ ഒരു വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനെതിരെ ശിവസേന നിയമനടപടി സ്വീകരിക്കും. ഹരിയാനയില്‍ ബിജെപിക്ക് വോട്ട് ചെയ്ത എംഎല്‍എക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

നാല് സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മാത്രമാണ് പ്രതിപക്ഷം നേട്ടമുണ്ടാക്കിയത്. ബിജെപി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ക്കിടയിലും നാലില്‍ മൂന്ന് സീറ്റ് നേടാനായി. എന്നാല്‍ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തോല്‍വി വലിയ ക്ഷീണമായി.

മത്സരം കടുത്ത മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റ് ശിവസേന പ്രതീക്ഷിച്ചെങ്കിലും 41 വോട്ടുകള്‍ നേടി ബിജെപി സീറ്റ് സ്വന്തമാക്കി. 13 സ്വതന്ത്രരുടെ പിന്തുണ പ്രതീക്ഷിച്ച മഹാവികാസ് അഘാഡിയെ 5 പേര്‍ മാത്രം പിന്തുണച്ചപ്പോള്‍ ആകെ കിട്ടിയത് 36 വോട്ട്. ബാലറ്റ് പേപ്പര്‍ പരസ്യപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ശിവസേനാ അംഗത്തിന്‍റെ വോട്ട് അസാധുവാക്കിയതും ക്ഷീണമായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ കോടതിയില്‍ ശിവസേന ചോദ്യം ചെയ്യും.

ഹരിയാനയില്‍ നിര്‍ണ്ണായകമായ സീറ്റില്‍ അജയ് മാക്കന്‍റെ വിജയം പ്രതീക്ഷിച്ച കോൺഗ്രസിന് നേരിയ വോട്ടിന്‍റെ കുറവില്‍ മാക്കന്‍ തോറ്റത് കടുത്ത ആഘാതമായി. മാക്കന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞുനിന്ന എംഎല്‍എ കുല്‍ദീപ് ബിഷ്ണോയിയെ രാഹുല്‍ ഗാന്ധി അനുനയിപ്പിച്ചിട്ടും, ബിഷ്ണോയ് ബിജെപിയെത്തന്നെ തുണച്ചതും അടിയായി. കുല്‍ദീപ് ബിഷ്ണോയിയുടെ പ്രാഥമികാംഗത്വം സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന.

കര്‍ണ്ണാടകത്തില്‍ നിര്‍ണ്ണായകമായ സീറ്റില്‍ ഒരുമയില്ലാതെ ചിതറി നിന്നതും പ്രതിപക്ഷ മുന്നേറ്റത്തിന് തടസ്സമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന രാജ്യസഭാ തെരഞ്ഞടുപ്പിലെ തിരിച്ചടി പ്രതിപക്ഷത്തിനുണ്ടാക്കിയ ക്ഷീണം ചെറുതല്ലെന്ന് ചുരുക്കം. 

രാജ്യസഭ തെരഞ്ഞെടുപ്പ് 

നിര്‍ണ്ണായക തെരഞ്ഞെടുപ്പ് നടന്നത് നാല് സംസ്ഥാനങ്ങളില്‍

മഹാരാഷ്ട്ര ആകെ സീറ്റ് 6

ബിജെപി 3

കോണ്‍ഗ്രസ് 1

ശിവസേന 1

എന്‍സിപി 1

കര്‍ണ്ണാടക ആകെ സീറ്റ് 4

ബിജെപി 3

കോണ്‍ഗ്രസ് 1

ജെഡിഎസ് 0

ഹരിയാന ആകെ സീറ്റ് 2

ബിജെപി 2

കോണ്‍ഗ്രസ് 0

രാജസ്ഥാന്‍ ആകെ സീറ്റ് 4

കോണ്‍ഗ്രസ് 3

ബിജെപി 1

# എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 11 സംസ്ഥാനങ്ങളിലെ 41 സ്ഥാനാര്‍ത്ഥികള്‍