ലഖ്‍നൗ: ഉത്തർപ്രദേശിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ ജയിലിൽ അടയ്ക്കപ്പെട്ട കുഞ്ഞു ചമ്പക്കിന്‍റെ അച്ഛനമ്മമാർ ഒടുവിൽ ജാമ്യം ലഭിച്ച് തിരികെയെത്തി. അവളെ കാണാൻ. രണ്ടാഴ്ചയാണ് പതിനാല് മാസം മാത്രം പ്രായമുള്ള ചമ്പക്കിനെ പിരിഞ്ഞ് അവളുടെ അമ്മയായ ഏക്തയ്ക്കും അച്ഛനായ രവിശേഖറിനും കഴിയേണ്ടി വന്നത്.

Image result for champak caa

''എന്‍റെ കുഞ്ഞ് പാലുകുടിയ്ക്കുന്ന പ്രായമായിരുന്നു. ജയിലിൽ കഴിഞ്ഞ ഓരോ ദിവസവും അവളെക്കുറിച്ച് മാത്രമാണ് ഞാനോർത്തത്. എങ്ങനെ കഴിച്ചുകൂട്ടിയെന്ന് അറിയില്ല'', ഏക്ത തിരിച്ചെത്തിയതിന് ശേഷം വാർത്താ ഏജൻസിയോട് പറഞ്ഞതിങ്ങനെ. 

നിറഞ്ഞ ചിരിയോടെയാണ് ചമ്പക് അച്ഛനെയും അമ്മയെയും എതിരേറ്റത്. അമ്മായി ദേബബ്രതയുടെ കയ്യിലിരുന്ന കുഞ്ഞിന് അമ്മ വന്ന ഉടനെ കൊടുത്തു ഒരു കുഞ്ഞുമ്മ. അത് കിട്ടിയ കുഞ്ഞ് നിറഞ്ഞ് ചിരിച്ചു. 

Image result for champak caa

ഡിസംബർ 19-ന് വാരാണസിയിൽ നടന്ന പ്രക്ഷോഭത്തിനിടെ കൂട്ട അറസ്റ്റ് നടന്നപ്പോഴാണ് സമരത്തിനെത്തിയ ഏക്തയെയും രവിശേഖറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അക്രമം നടത്തിയവരെ പിടികൂടുന്നതിന് പകരം പൊലീസ് സമരം നയിച്ചവരെയാണ് പിടികൂടിയതെന്ന് അന്ന് തന്നെ അവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

ക്ലൈമറ്റ് അജൻഡ എന്ന പേരിൽ എൻജിഒ നടത്തുന്ന ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ വൻ പ്രതിഷേധമാണ് വാരാണസിയിൽ ഉയർന്നത്. വാരാണസിയിലെ പ്രാദേശികകോടതി, ഇരുവർക്കും 25,000 രൂപയും ആൾജാമ്യവും അടയ്ക്കണമെന്ന ഉപാധിയിൻമേലാണ് ജാമ്യമനുവദിച്ചിരിക്കുന്നത്.

''എന്‍റെ അമ്മയും അച്ഛനും എപ്പോഴാ വരിക?'', എന്ന് ചോദിക്കുന്ന ബോർഡുമായി അമ്മായിയായ ദേബബ്രതയ്ക്ക് ഒപ്പം തെരുവിൽ ഇരിക്കുന്ന കുഞ്ഞു വാവയുടെ ചിത്രവും ഇതുമായി ബന്ധപ്പെട്ട വാർത്തയും ആദ്യം ട്വീറ്റ് ചെയ്തത് പ്രിയങ്കാ ഗാന്ധിയാണ്. ഇതോടെ ജനരോഷം ശക്തമായി.

ഡിസംബർ പത്തൊമ്പതു മുതൽ ഉത്തർപ്രദേശിൽ നടന്ന അക്രമങ്ങളിൽ എട്ടുവയസ്സുള്ള ഒരു കുട്ടിയടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. ക്രമസമാധാനം തകർത്തെന്ന പേരിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർത്ഥികൾ അടക്കം അറുപത് പേർ ജയിലിൽ അടയ്ക്കപ്പെട്ടു. കലാപം അഴിച്ചുവിടാൻ ശ്രമിക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഇവരിൽ പലർക്കും എതിരെ യുപി പൊലീസ് ചുമത്തിയത്. 

Image result for champak caa

രവിശേഖറിന്‍റെ ജ്യേഷ്ഠൻ ശശികാന്തും പത്നി ദേബബ്രതയുമാണ് മുലകുടി മാറാത്ത പ്രായത്തിലുള്ള ഈ പിഞ്ചുകുഞ്ഞിനെ പരിചരിച്ചത്. അമ്മയുടെ ഫോട്ടോ കാണുമ്പോൾ സങ്കടത്തോടെ നോക്കുന്ന കുഞ്ഞിന്‍റെ ഫോട്ടോ അന്ന് സാമൂഹ്യമാധ്യമങ്ങളിലെല്ലാം പ്രചരിച്ചിരുന്നു.