കൊൽക്കത്ത: ദില്ലി സംഘർഷത്തിൽ പൊലീസുകാർക്ക് പിന്തുണയുമായി ബം​ഗാൾ ബിജെപി നേതാവ് ദിലിപ് ഘോഷ്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് പൊലീസ് കർശന നിലപാടാണ് സ്വീകരിക്കേണ്ടതെന്നാണ് ദിലിപ് ഘോഷിന്റെ അഭിപ്രായം. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രക്ഷോഭകാരികൾ‌ക്ക് ചായ നൽകുകയാണോ പൊലീസ് ചെയ്യേണ്ടിയിരുന്നതെന്നും ദിലിപ് ഘോഷ് ചോദിച്ചു. ഈ പ്രതിഷേധക്കാർക്ക് ധനസഹായം എവിടെ നിന്നാണ് വരുന്നതെന്ന് ഉടൻ പുറത്തുവരുമെന്നും പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനവേളയിൽ ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് പ്രതിഷേധക്കാർ പദ്ധതിയിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലി കലാപത്തിൽ തിങ്കളാഴ്ച മുതൽ ഇതുവരെ 16 പേരാണ് കൊല്ലപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് രണ്ട് വിഭാഗങ്ങൾ തമ്മിൽ പൊട്ടിപുറപ്പെട്ട സംഘർഷമാണ് കലാപമായത്. ''ദില്ലിയിൽ പൊലീസ് എന്താണോ ചെയ്തത് അത് പൂർണമായും ശരിയാണ്. സമരക്കാരോട് പൊലീസ് കർക്കശമായിരിക്കണം. നിങ്ങൾ എന്താണ് പ്രതീക്ഷിച്ചത്? പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിയുകയും വെടി വെയ്ക്കുകയും ചെയ്യുമ്പോൾ പൊലീസ് അവർക്ക് ചായ കൊടുക്കണോ?" - വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.

ഈ മാസമാദ്യം ഘോഷ് നടത്തിയ പരാമർശവും വിവാദമായിരുന്നു. ഡൽഹിയിലെ ഷഹീൻബാഗിൽ സമരം ചെയ്യുന്നത് വിദ്യാഭ്യാസമില്ലാത്ത സ്ത്രീയും പുരുഷനുമാണെന്നും അവർക്ക് പണവും ബിരിയാണിയും ലഭിക്കുന്നുണ്ടെന്നുമായിരുന്നു വിവാദ പരാമർശം. ഇതിന് മുമ്പും വിവാദ പരാമർശങ്ങൾ കൊണ്ടും വിദ്വേഷ പ്രസം​ഗങ്ങൾ കൊണ്ടും ദിലിപ് ഘോഷ് ശ്രദ്ധ നേടിയിരുന്നു. ഷഹീൻബാ​ഗിൽ പ്രതിഷേധിക്കുന്നവർക്ക് അസുഖം വരാത്തതും മരിക്കാത്തതും എന്തുകൊണ്ടാണെന്ന് ഒരിക്കൽ ദിലിപ് ഘോഷ് ചോദിച്ചിരുന്നു. അതുപോലെ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെതിനെ തുടർന്ന് ഘോഷിനെതിരെ കേസെടുത്തിരുന്നു.