അന്വേഷണ ഏജൻസികൾ പ്രതിഭാഗം അഭിഭാഷകരെ വിളിച്ചുവരുത്തുന്ന നടപടി നിയമപരമല്ലെന്ന് സുപ്രീം കോടതി. കക്ഷിയുടെ വിവരങ്ങൾ തേടി അഭിഭാഷകർക്ക് ഏജൻസികൾ സമൻസ് അയക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ദില്ലി: ഏതെങ്കിലും ഒരു കേസിൽ ഹാജരാവുന്ന അഭിഭാഷകരെ അന്വേഷണ ഏജൻസികൾ നേരിട്ട് സമൻസ് അയച്ച് വിളിച്ചു വരുത്തുന്നത് നിയമപരമല്ലെന്ന് സുപ്രീം കോടതി. ഒരു കേസുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന അഭിഭാഷകർക്ക് അതു സംബന്ധിച്ച വിവരങ്ങൾ കക്ഷികളുടെ താൽപര്യ പ്രകാരം വെളിപ്പെടുത്താതിരിക്കാനുള്ള അധികാരമുണ്ടെന്നും കോടതി പറഞ്ഞു. അഭിഭാഷകർക്കുള്ള ഏതൊരു സമൻസും ഒരു മേലുദ്യോഗസ്ഥന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതി നേടിയിരിക്കണമെന്ന് കോടതി നിർദേശിച്ചു.
ഡിജിറ്റൽ ഉപകരണങ്ങളും അഭിഭാഷകർ കൈവശം വച്ചിരിക്കുന്ന രഹസ്യ രേഖകളും കൈകാര്യം ചെയ്യുമ്പോഴുള്ള സുരക്ഷാ ബാധ്യതയും അഭിഭാഷകർക്കുണ്ട്. മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്താർ, പ്രതാപ് വേണുഗോപാൽ എന്നിവരോട് ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ സമൻസ് സുപ്രീം കോടതി റദ്ദാക്കി. അവരെ നിയമിച്ച പ്രതികളുടെ മൗലികാവകാശങ്ങൾ അവർക്ക് ലംഘിക്കാൻ കഴിയില്ലെന്ന് ചൂണ്ടികാട്ടി. സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായ വിപിൻ നായർ നൽകിയ അപേക്ഷയിലാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തത്.
