ഇന്ത്യയിൽ നടക്കാത്തത് ബീഹാറിൽ നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ, ഭരണം നടത്താൻ നീതിഷ് കുമാറിനറിയാം, ആദ്യം യുവാക്കളെ കേൾക്കൂ എന്ന് ജെഡിയു

പാറ്റ്ന: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ ചൊല്ലി ബിഹാറിൽ ബിജെപിയും ജെഡിയുവും തമ്മിൽ ഇടയുന്നു. സംസ്ഥാനത്ത് ബിജെപി ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സർക്കാരിന് നേതൃത്വം നൽകുന്ന ജെഡിയുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ഒരു പാർട്ടിയുടെ ഓഫീസുകൾ മാത്രം പ്രതിഷേധക്കാർ തകർക്കുമ്പോൾ പൊലീസ് നോക്കി നിൽക്കുകയാണ്, ഇത് തെറ്റാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു. ഇന്ത്യയിൽ നടക്കാത്തത് ബീഹാറിൽ നടക്കുന്നു. പ്രതിഷേധിക്കുന്നത് തെറ്റല്ല, എന്നാൽ ഭരണത്തിന്റെ അനുവാദത്തിൽ പലയിടത്തും ആക്രമണം നടക്കുകയാണെന്ന് ജയ‍്സ്വാൾ പറഞ്ഞു. സഹായത്തിനായി അഗ്നിശമന സേനയെ വിളിച്ചപ്പോൾ പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടാലേ വരാനൊക്കൂ എന്ന മറുപടിയാണ് ലഭിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. 


ഞങ്ങൾ സർക്കാരിന്റെ ഭാഗമാണ്. എന്നിട്ടും ഒരു പരിഗണനയും കിട്ടുന്നില്ല. ബിഹാറിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഈ നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ അത് ഗുണം ചെയ്യില്ല എന്ന് എല്ലാവരും മനസിലാക്കണം...ജയ‍്സ്വാൾ കൂട്ടിച്ചേർത്തു.

ആദ്യം യുവാക്കളുടെ ആശങ്ക പരിഹരിക്കൂ എന്ന് ജെഡിയു

ബിജെപിയുടെ വിമർശനത്തിന് മറുപടിയുമായി ജെഡിയു നേതാക്കൾ രംഗത്ത്. അഗ്നിപഥ് പദ്ധതിയെ സംബന്ധിച്ചുള്ള ആശങ്ക പരിഹരിക്കുന്നതിന് പകരം ബിജെപി, ഭരണത്തെ കുറ്റം പറയുകയാണെന്ന് ജെഡിയു അധ്യക്ഷൻ രാജീവ് രഞ്ജൻ ആരോപിച്ചു. ഭരണം നടത്താൻ നീതിഷ് കുമാറിനറിയാം. എന്തുകൊണ്ട് ബിജെപി ഭരിക്കുന്നിടത്തും ആക്രമണം നടക്കുന്നു. ബിഹാറിൽ മാത്രമല്ല രാജ്യത്തെല്ലായിടത്തും പ്രതിഷേധമുണ്ട്. യുവാക്കൾ സമ്മർദ്ദത്തിലാണ്. അവരുടെ ആശങ്കയാണ് പരിഹരിക്കേണ്ടത്. അത് ചെയ്യാതെ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാജീവ് രഞ്ജൻ മറുപടി നൽകി.

Scroll to load tweet…

അതേസമയം ബിഹാറില്‍ ഗ്രാമീണ മേഖലകളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. റെയില്‍വേ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. മുസോഡിയില്‍ അക്രമികള്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു. പ്രതിപക്ഷ പാർട്ടികളുടെ ബന്ദിനിടെ ബിഹാറില്‍ അങ്ങിങ്ങ് സംഘര്‍ഷമുണ്ടായി. ജെനാദാബാദിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ബസുകൾ അടക്കം കത്തിച്ചു. സംഘ‌ർഷം വ്യാപിച്ചതോടെ ബിഹാറിൽ ഇന്റർനെറ്റ് നിയന്ത്രണം ആറ് ജില്ലകളിലേക്ക് കൂടി നീട്ടി. 

അഗ്നിപഥിൽ രാജ്യത്ത് യുവജനരോഷം കത്തുന്നു,പലയിടത്തും അക്രമം, ബിഹാറിൽ രൂക്ഷം,പദ്ധതിയുമായി മുന്നോട്ടെന്ന് കേന്ദ്രം

സംഘ‌ർഷത്തിനിടെ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. പ്രതിഷേധക്കാർ രേണു ദേവിയുടെ വീട് അടിച്ചു തകർത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ സ‍ഞ്ജയ് ജയ‍്‍സ്വാളിന്റെ ബേട്ടിയ ടൗണിലെ വീടിന് നേരെയും ആക്രമണം ഉണ്ടായി. നിരവധി ബിജെപി ഓഫീസുകൾ തകർക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നിതീഷ് നേതൃത്വം നൽകുന്ന സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയത്. 

മുസോഡിയിലെ റെയില്‍വേ സ്റ്റേഷന്‍ കത്തിക്കല്‍; 16 പേര്‍ കസ്റ്റഡിയില്‍, ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവര്‍