അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും അന്തിമ റിപ്പോർട്ട് വൈകുന്നതിൽ പൈലറ്റുമാരുടെ സംഘടന പ്രതിഷേധം അറിയിച്ചു. എഞ്ചിൻ വിശകലനം പൂർത്തിയാകാത്തതാണ് റിപ്പോർട്ട് വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

ദില്ലി: അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് വൈകുന്നത് ചോദ്യം ചെയ്ത് പൈലറ്റുമാരുടെ സംഘടന. എയർ ഇന്ത്യയുടെ എഐ-171 വിമാനം തകർന്ന് ഒരു വർഷം പിന്നിട്ടിട്ടും, വെറും 32 സെക്കൻഡ് മാത്രം നീണ്ടുനിന്ന വിമാന യാത്രയെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് (എഎഐബി) സാധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യം. അപൂർണമായ ഇടക്കാല റിപ്പോർട്ട് പുറത്തുവിടുന്നത് അപകട കാരണത്തെക്കുറിച്ച് കൂടുതൽ ഊഹാപോഹങ്ങൾക്ക് മാത്രമേ വഴിതെളിക്കൂ എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് പ്രസിഡന്റ് സി എസ് രൺധാവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വർഷം ഇതേ ദിവസം അഹമ്മദാബാദിലുണ്ടായ വൻ ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും വിമാനം പതിച്ച ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്തുണ്ടായിരുന്ന 19 പേരുമടക്കം ആകെ 261 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിന് തൊട്ടുമുമ്പ് ബോയിംഗ് 787 വിമാനത്തിന്റെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫായതാണ് എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധമാണോ, അതോ സാങ്കേതിക തകരാറാണോ എന്ന് വ്യക്തമാക്കാതെ കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

തുടർന്ന് അപകടത്തിന്‍റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് പൈലറ്റ് അസോസിയേഷൻ രംഗത്തെത്തി. പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് പുഷ്കർ രാജ് സബർവാളും പൈലറ്റുമാരുടെ സംഘടനയും ചേർന്ന് അപകടത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

എഞ്ചിൻ വിശകലനം വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, അപകടം നടന്ന് 12 മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ എല്ലാ വർഷവും ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാമെന്ന പ്രത്യേക വ്യവസ്ഥ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഇടക്കാല റിപ്പോർട്ട് പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. വിമാനത്തിന്റെ ജനറൽ ഇലക്ട്രിക് എഞ്ചിനുകളുടെ ഡാറ്റാ പരിശോധന അമേരിക്കയിൽ പൂർത്തിയാകാത്തതിനാലാണ് റിപ്പോർട്ട് വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ആഗോളതലത്തിൽ ഇത്തരം അന്വേഷണങ്ങൾ പൂർത്തിയാക്കാൻ സാധാരണയായി 20 മുതൽ 22 മാസം വരെ എടുക്കാറുണ്ടെന്നും അധികൃതർ പറയുന്നു.

കൊല്ലപ്പെട്ട 15 യാത്രക്കാരുടെ പാസ്പോർട്ട് ഉൾപ്പെടെ സാമഗ്രികൾ ബന്ധുക്കൾ ഏറ്റുവാങ്ങിയിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ദുരന്തത്തിൽ തകർന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ 105 കോടി രൂപ മുടക്കി പുതുക്കി പണിയുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.