ഡൽഹി-അമൃത്സർ-കത്ര ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുടെ 157.92 കിലോമീറ്റർ ദൂരത്തിലുള്ള ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഡൽഹി-അമൃത്സർ-കത്ര ഹൈവേയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ന്യൂഡൽഹി: ഡൽഹി-അമൃത്സർ-കത്ര ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുടെ 157.92 കിലോമീറ്റർ ദൂരത്തിലുള്ള ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഡൽഹി-അമൃത്സർ-കത്ര ഹൈവേയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ആകെ 667 കിലോമീറ്റർ ദൂരമുള്ള ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്തത്. 38,905 കോടി രൂപയാണ് ഡൽഹി-കത്ര എക്സ്പ്രസ് വേയുടെ ആകെ നിർമ്മാണച്ചെലവ്. ഇതിൽ ആദ്യഘട്ടത്തിന് മാത്രം 9680 കോടി രൂപ ചെലവഴിച്ചു.
ഡൽഹി, ഹരിയാണ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയാണ് ഡൽഹി-കത്ര ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ. പാത പൂർണമായും തുറന്നാൽ ആറുമണിക്കൂർ കൊണ്ട് ഡൽഹിയിൽനിന്ന് കത്രയിൽ എത്താനാകും. നിലവിൽ ഡൽഹിയിൽനിന്ന് കത്രയിലേക്കുള്ള യാത്രാസമയം 14 മണിക്കൂറാണ്. നിലവിൽ എട്ടുമണിക്കൂർ സമയമെടുക്കുന്ന ഡൽഹി-അമൃത്സർ യാത്രയ്ക്ക് പാത തുറക്കുന്നതോടെ നാലുമണിക്കൂർ മാത്രം മതിയാകും.
പാത പൂർണമായും ഗതാഗതയോഗ്യമായാൽ കത്രയിലെ ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയും സുഗമമാകും. പ്രമുഖ തീർഥാടനകേന്ദ്രങ്ങൾക്ക് പുറമേ പ്രധാനപ്പെട്ട വ്യവസായ ഹബ്ബുകളെയും കർഷക ചന്തകളെയും ലോജിസ്റ്റിക് സെന്ററുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത.
വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദിൽ നടന്ന ചടങ്ങിൽ അംബാല-കാലാ അംബ് ഹൈവയും ജിന്ദ്-ഗൊഹാന ഗ്രീൻഫീൽഡ് ഹൈവേയും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ജിന്ദ്-ഗൊഹാന ഗ്രീൻഫീൽഡ് ഹൈവേ തുറന്നതോടെ ജിന്ദിനും ഗൊഹാനയ്ക്കും ഇടയിലുള്ള യാത്രാസമയം ഇനി 40 മിനിറ്റായി കുറയും. നേരത്തേ രണ്ടുമണിക്കൂറായിരുന്നു യാത്രാസമയം.


