അഹമ്മദാബാദിൽ ദോശ മാവ് കഴിച്ച് രണ്ട് സഹോദരിമാർ മരിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. ഭക്ഷ്യവിഷബാധയെന്ന സംശയം മാറി കൂട്ട ആത്മഹത്യയിലേക്കാണ് അന്വേഷണം നീങ്ങുന്നത്. മാതാപിതാക്കളുടെ മൊഴികളിലെ പൊരുത്തക്കേടുകളും ദുരൂഹതകളും കേസിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

അഹമ്മദാബാദ്: അഹമ്മദാബാദിലെ ചന്ദ്ഖേഡയിൽ രണ്ട് സഹോദരിമാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നാടകീയ വഴിത്തിരിവിൽ. ദോശ മാവ് കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ തുടങ്ങിയ കേസ് ഇപ്പോൾ കൂട്ട ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അഹമ്മദാബാദ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. മാതാപിതാക്കളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. ദോശമാവ് വാങ്ങിയത് തൊട്ടുള്ള സംഭവങ്ങളുടെ സമയക്രമം, ഭക്ഷണം കഴിച്ചതിനെക്കുറിച്ചും ദമ്പതികളായ വിമലും ഭാവന പ്രജാപതിയും ഇടയ്ക്കിടെ മൊഴികൾ മാറ്റുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

മരിച്ച കുട്ടികളുടെ പിതാവ് മരിച്ച നിലയിൽ ആശുപത്രിയിലായിരുന്ന വിമൽ പ്രജാപതി ഇന്ന് കെഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. ശേഷം ചന്ദ്ഖേഡ പോലീസ് ചോദ്യം ചെയ്യലിനായി കൊണ്ടുപോകും. ഏപ്രിൽ 4 ന് കുടുംബം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അന്ത്യകർമങ്ങൾ രഹസ്യമായി നടത്തിയതിന്റെ കാരണമാണ് തേടുന്നത്. ഇവരുടെ രണ്ടാമത്തെ മകൾ മരിച്ച ശേഷമാണ് ആദ്യത്തെ മരണം പുറത്തറിഞ്ഞത്. ഒരുമിച്ചുണ്ടാക്കിയ, 200 ലേറെ പേർ വാങ്ങിയ ദോശമാവ് ഒരു കുടുംബത്തിന് മാത്രം വിഷാംശമുള്ളതായെന്ന ആരോപണത്തിലും വ്യക്തത വരേണ്ടതുണ്ട്. അമ്മയ്ക്ക് മാരകമായ സ്ഥിതിയല്ലെങ്കിൽ മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞ് മരിച്ചതെങ്ങനെ എന്നും ചോദ്യമുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടത്തിൽ കുട്ടികളുടെ ശരീരത്തിൽ കണ്ടെത്തിയ വിഷം ദോശമാവിൽ നിന്നാണോ മറ്റേതെങ്കിലും വഴി ശരീരത്തിൽ കടന്നതാണോയെന്നാണ് വ്യക്തമാകേണ്ടത്. കുടുംബം ഇപ്പോൾ കനത്ത പൊലീസ് സുരക്ഷയിലാണ്.