ചെന്നൈ: അണ്ണാ ഡിഎംകെയുടെ ബാനര്‍ മുകളില്‍ വീണ് നിയന്ത്രണം തെറ്റിയ സ്കൂട്ടര്‍ യാത്രിക ലോറിയിടിച്ച് മരിച്ചു. ചെന്നൈയിലാണ് 23 കാരിയായ സ്കൂട്ടര്‍ യാത്രികയുടെ മുകളിലേക്ക് റോഡിന്‍റെ സെന്‍റര്‍ മീഡിയനില്‍ സ്ഥാപിച്ച ബാനര്‍ വീണത്. ചെന്നൈ സ്വദേശിയായ സുഭശ്രീയാണ് മരിച്ചത്.

പല്ലാവരം തൊരൈപക്കം റോഡിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. പള്ളികരനായ് റോഡില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബാനര്‍ സുഭശ്രീയുടെ മുകളിലേക്ക് മറിഞ്ഞു വീണു. തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ യുവതി മരിച്ചു.

വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ബിടെക് ബിരുദധാരിയായ യുവതി ഐഇഎല്‍റ്റിഎസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് അരമണിക്കൂര്‍ ശേഷം എഐഎഡിഎംകെ പ്രവര്‍ത്തകരെത്തി ബാനറുകള്‍ നീക്കം ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.