ചെന്നൈ: പൗരത്വ നിയമത്തിലും ബിജെപി സഖ്യ വിഷയത്തിലും പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അണ്ണാ ഡിഎംകെയുടെ നിര്‍ദ്ദേശം. പൗരത്വ നിയമത്തിനെതിരെ അണ്ണാ ഡിഎംകെയിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് നിര്‍ദ്ദേശം. പാർട്ടി ജനറൽ കൗൺസിൽ തീരുമാനങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്ന് പ്രവർത്തകർക്ക് താക്കീതും നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിൽ പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് പൗരത്വ നിയമ വിഷയത്തില്‍ അണ്ണാഡിഎംകെയിൽ പൊട്ടിത്തെറിയുണ്ടായത്. 

പരാജയ കാരണം പൗരത്വ നിയമ ഭേദഗതിയിൽ സ്വീകരിച്ച നിലപാടെന്ന് മുതിർന്ന നേതാവും മുൻ എംപിയുമായ അൻവർ രാജ തുറന്നടിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രസ്താവനയുമായി മന്ത്രി നീലോഫർ കഫീൽ രംഗത്തെത്തിയിരുന്നു. അതേസമയം തമിഴ്നാട്ടിൽ എൻആർസി നടപ്പാക്കാൻ അനുവദിക്കില്ല, അത്തരം നീക്കമുണ്ടായാൽ എതിർക്കുമെന്നും മന്ത്രി ആർ ബി ഉദയകുമാർ അറിയിച്ചിരുന്നു. 

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പളനി സ്വാമിയുടെ മണ്ഡലത്തിൽ പോലും അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ട സാഹചര്യത്തില്‍ ഭിന്നത രൂക്ഷമായിരുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സഖ്യകക്ഷിയായ പിഎംകെ പ്രമേയം പാസാക്കിയിരുന്നു.

Read More:പൗരത്വനിയമ ഭേദഗതി: അണ്ണാ ഡിഎംകെയിൽ ഭിന്നത, എൻആർസി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി...