പ്രതിവർഷം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആറു സിലിണ്ടർ ഗ്യാസും ഇതോടൊപ്പം നൽകുമെന്നും പളനിസ്വാമി വനിതാദിനത്തിൽ പ്രഖ്യാപിച്ചു.
ചെന്നൈ: അധികാരത്തിൽ തുടരാനായാൽ വീട്ടമ്മമാർക്ക് 1500 രൂപ വീതം പ്രതിമാസം നൽകുമെന്ന് എഐഎഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. അധികാരത്തിലെത്തിയാൽ റേഷൻ കാർഡ് ഉടമകളായ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്നായിരുന്നു ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഇതിന് ഒരു ദിവസം പിന്നിടും മുൻപേയാണ് പുതിയ പ്രഖ്യാപനവുമായി പളനിസ്വാമി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിവർഷം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആറു സിലിണ്ടർ ഗ്യാസും ഇതോടൊപ്പം നൽകുമെന്നും പളനിസ്വാമി വനിതാദിനത്തിൽ പ്രഖ്യാപിച്ചു. ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ പുറത്തിറക്കാനുദ്ദേശിക്കുന്ന പ്രകടന പത്രികയിൽ ജനോപകാരപ്രദമായ നിരവധി പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പളനിസ്വാമി വ്യക്തമാക്കി. സമൂഹത്തിൽ സാമ്പത്തിക സമത്വം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് വീട്ടമ്മമാർക്ക് തുക നൽകാൻ തീരുമാനിച്ചത്. എന്നാൽ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടിയുള്ള മാനദണ്ഡങ്ങൾ ഒന്നും വ്യക്തമാക്കിയിട്ടില്ല.
