എംജിആറിൻ്റെ രാഷ്ട്രീയ നിലപാടുകളല്ല വിജയ്യുടേത് എന്നും അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവും മന്ത്രിയുമായ ജയകുമാർ അഭിപ്രായപ്പെട്ടു. വിജയ് എംജിആറിൻ്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ടിൽ ഉടനീളം പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നടനെതിരെയുള്ള പാർട്ടി പ്രതികരണം.
ചെന്നൈ: എംജിആറിൻ്റെ രാഷ്ട്രീയ വിടവ് നികത്താൻ നടൻ വിജയ്ക്ക് ഒരിക്കലും കഴിയില്ലെന്ന് അണ്ണാ ഡിഎംകെ. എംജിആറിൻ്റെ രാഷ്ട്രീയ നിലപാടുകളല്ല വിജയ്യുടേത് എന്നും അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവും മന്ത്രിയുമായ ജയകുമാർ അഭിപ്രായപ്പെട്ടു. വിജയ് എംജിആറിൻ്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ടിൽ ഉടനീളം പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നടനെതിരെയുള്ള പാർട്ടി പ്രതികരണം.
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് വിജയ് യുടെ രാഷ്ട്രീയ പ്രവേശന സാധ്യതകൾ സജീവ ചർച്ചയാകുന്നത്. വിജയ് എംജിആറിൻ്റെ പിൻഗാമിയെന്നും ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലുടനീളം ആരാധകർ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. തമിഴ്നാടിൻ്റെ നന്മക്കായി ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ആരാധകരുടെ പോസ്റ്റർ. എംജിആറിൻ്റെ യഥാർത്ഥ പിൻഗാമിയെന്ന തലക്കെട്ടോടെ എംജിആർ കഥാപാത്രങ്ങളായി ചിത്രീകരിച്ചാണ് പോസ്റ്റർ.
കാഞ്ചീപുരം, മധുര, സേലം, രാമനാഥപുരം ഉൾപ്പടെ വിവിധ ഇടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ്യെ എംജിആറായും ഭാര്യ സംഗീതയെ ജയലളിതയായും ചിത്രീകരിച്ച് ആഴ്ചകൾക്ക് മുമ്പ് ആരാധകർ പോസ്റ്റർ പതിച്ചിരുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഉടൻ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിലും ചർച്ചകൾ സജീവമാണ്. ആദായനികുതി റെയ്ഡും, ബിജെപിക്കും അണ്ണാഡിഎംകെയ്ക്കും എതിരായ താരത്തിൻ്റെ പ്രസ്താവനകളും ഉയർത്തി കാട്ടിയാണ് പ്രചാരണം.
