ബിഹാറിൽ തീവ്രവാദത്തെ വളർത്തരുതെന്നും മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അസദുദ്ദീൻ ഒവൈസി. നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 5 സീറ്റ് നേടിയിരുന്നു.  

ദില്ലി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബിഹാറിൽ തീവ്രവാദത്തെ വളർത്തരുതെന്നും മുസ്ലിങ്ങളടക്കം വിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 5 സീറ്റ് നേടിയിരുന്നു. ഈ വിജയത്തിന് ശേഷമാണ് സീമാഞ്ചലിൽ നടത്തിയ പ്രസം​ഗത്തിൽ ബിജെപി ഉൾപ്പെടെയുള്ള സഖ്യത്തിന് ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്.

സീമാഞ്ചലിൻ്റെ മുഴുവൻ പിന്തുണയും നിതീഷിനുണ്ടെന്നും എന്നാൽ ബിഹാറിൽ തീവ്രവാ​ദം വളർത്തരുതെന്നും ഒവൈസി പറഞ്ഞു. പാറ്റ്നക്ക് അപ്പുറത്തേക്ക് വികസനം വരണം. മുസ്ലിംങ്ങൾക്ക് തുല്യനീതി വേണം തുടങ്ങിയ നിബന്ധനകളും ഒവൈസി മുന്നോട്ട് വെച്ചിട്ടുണ്ട്. സീമാഞ്ചലിലെ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം വലിയ തിരിച്ചടിയാണ് ഇന്ത്യ സഖ്യത്തിന് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സമാനമായ രീതിയിലാണ് ഒവൈസിയുടെ പാർട്ടി വോട്ടുകൾ പിളർത്തിയത്. ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുമെന്ന ആക്ഷേപവും ഉയർന്നിരുന്നു. സീമാഞ്ചലിൽ പ്രധാനപ്പെട്ട അഞ്ച് സീറ്റുകളാണ് ഒവൈസിയുടെ പാർട്ടി നേടിയത്. ഈ ഘട്ടത്തിൽ ഒവൈസി എൻഡിഎക്കൊപ്പം നിൽക്കുമെന്ന നിരീക്ഷണവും ശക്തമായിരുന്നു. എന്നാൽ തന്ത്രപൂർവ്വമായാണ് ഒവൈസി കാര്യങ്ങൾ നീക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കോൺ​ഗ്രസ് വിമർശനവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റു

ബിഹാര്‍ മുഖ്യമന്ത്രിയായി തുടര്‍ച്ചയായി അഞ്ചാം തവണയാണ് നിതീഷ് കുമാര്‍ അധികാരമേൽക്കുന്നത്. തുടര്‍വികസനത്തിന് സുസ്ഥിര സര്‍ക്കാര്‍ എന്നതാകും മുദ്രാവാക്യമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയെന്നെ റെക്കോര്‍ഡും സ്വന്തമാക്കിയ നിതീഷ് കുമാറിനെ സത്യപ്രതിജ്ഞക്ക് പിന്നാലെ പ്രധാനമന്ത്രി ആശ്ലേഷിച്ചു. സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും വീണ്ടും ഉപമുഖ്യമന്ത്രിമാരായി. പിന്നാക്ക വിഭാഗത്തില്‍ പെടുന്ന സമ്രാട്ട് ചൗധരിയേയും മുന്നാക്കക്കാരനായ വിജയ് കുമാര്‍ സിന്‍ഹയേയും ഉപമുഖ്യമന്ത്രി പദത്തിലുള്‍പ്പെടുത്തി സാമുദായിക സന്തുലനവും പാലിച്ചു. ബിജെപിയില്‍ നിന്ന് 14 പേരാണ് സത്യവാചകം ചൊല്ലിയത്. ജെഡിയുവിൽ നിന്ന് 8 പേരും.

എല്‍ജെപിയില്‍ നിന്ന് രണ്ട്, ആര്‍എല്‍എമ്മില്‍ നിന്ന് ഒന്ന് എന്നിങ്ങനെ ഇരുപാര്‍ട്ടികളും പുതുമുഖങ്ങള്‍ക്കും അവസരം ഉറപ്പിച്ചു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ നിന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് സുമനും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്തവരില്‍ മൂന്ന് വനിതകളുമുണ്ട്. സ്പീക്കര്‍ സ്ഥാനവും ബിജെപിക്കായിരിക്കും. അങ്ങനെ വലിയ തര്‍ക്കമില്ലാതെ മന്ത്രിസഭ രൂപീകരണവും പൂര്‍ത്തികരിക്കാന്‍ ബിജെപിക്കായി. തെരഞ്ഞെടുപ്പ് അട്ടിമറിയായിരുന്നുവെന്ന ആക്ഷേപം ആവര്‍ത്തിച്ച് ഉന്നയിച്ച പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തു. 

YouTube video player