Asianet News MalayalamAsianet News Malayalam

കൊവിഡിനെതിരായ ഇന്ത്യൻ നിർമ്മിത വാക്സിൻ: വിശദീകരണവുമായി ഐസിഎംആർ

മനുഷ്യരിലും മൃഗങ്ങളിലും ഒരേസമയം പരീക്ഷണം കൊണ്ടുപോകാം. ഇതിന് ചട്ടങ്ങളുണ്ടെന്ന് ഐസിഎംആർ വ്യക്തമാക്കി. 

aims about covid vaccine covaxin development
Author
Delhi, First Published Jul 4, 2020, 5:55 PM IST

ദില്ലി: കൊവിഡിനെതിരായ വാക്സിന്റെ നിർമ്മാണത്തിൽ വിശദീകരണവുമായി ഐസിഎംആർ. കോവാക്സിന്റെ നിർമ്മാണം രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഐസിഎംആര്‍ വിശദീകരിച്ചു. പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉണ്ട്. ഇതനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. മനുഷ്യരിലും മൃഗങ്ങളിലും ഒരേസമയം പരീക്ഷണം കൊണ്ടുപോകാം. ഇതിന് ചട്ടങ്ങളുണ്ടെന്ന് ഐസിഎംആർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഐസിഎംആർ പുറത്തിറക്കിയ നിർദ്ദേശം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.

കൊവാക്സിന്‍ ആഗസ്ത് മാസം വിപണിയിലെത്തിക്കാന്‍ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആർ ഗവേഷണ സ്ഥാപനങ്ങൾക്കയച്ച കത്താണ് വിവാദത്തിലായത്. വാക്സിന്‍ പരീക്ഷണങ്ങൾ വേണ്ടത്ര സമയമെടുത്ത് പൂർത്തിയാക്കേണ്ടതാണെന്നും, തോക്കിന്‍മുനയില്‍നിർത്തിയുള്ള ഗവേഷണം ഫലവത്താകില്ലെന്നും മെഡിക്കൽ രംഗത്തെ വിദഗ്ധർ വിമർശിക്കുന്നു. ശാസ്ത്രീയ ഗവേഷണത്തിൽ ഐസിഎംആർ അനാവശ്യം സമ്മർദ്ദം ചെലുത്തരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആശ്യപ്പെട്ടു. രാജ്യത്ത് വാക്സിന്‍ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന ഭാരത് ബയോടെക് അടക്കം 12 സ്ഥാപനങ്ങൾക്ക് ഐസിഎംആർ അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 

Also Read: ഇന്ത്യൻ നിർമ്മിത വാക്സിൻ ഒന്നരമാസത്തിനകം ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രമമെന്ന് ഐസിഎംആർ

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കുമായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്ന് ഇന്‍ഡ്യന്‍ കൗൺസില്‍ ഫോർ മെഡിക്കല്‍ റിസർച്ച് നിർമിക്കുന്ന കൊവിഡിനെതിരായ തദ്ദേശീയമായ വാക്സിനാണ് കൊവാക്സിന്‍. മൃഗങ്ങളിലടക്കമുള്ള ആദ്യഘട്ട പരീക്ഷണം വിജകയരമായി പൂർത്തിയാക്കിയ കൊവാക്സിന്‍ രണ്ടാം ഘട്ടമായി മനുഷ്യരില്‍ പരീക്ഷിക്കാന്‍  ഡ്രക്സ് കണ്ട്രോളർ ജനറല്‍ ഈയിടെയാണ് അനുമതി നല്‍കിയത്. മനുഷ്യരില്‍ ആദ്യമായി വൈറസ് കുത്തിവച്ചശേഷം മൂന്ന് ഘട്ടങ്ങളായി നിരീക്ഷണ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. ഈ മാസം ആദ്യവാരം മനുഷ്യരില്‍ പരീക്ഷണങ്ങൾ ആരംഭിച്ചാലും കൃത്യമായ ഫലം ആഗസ്ത് മാസം ലഭിക്കാന്‍ ഒരു സാധ്യതയുമില്ല. എന്നാല്‍ ആഗസ്റ്റ് രണ്ടാം വാരം വാക്സിന്‍ വിപണിയിലെത്തിക്കാനായി നടപടികൾ വേഗത്തിലാക്കാനാണ് ഐസിഎംആർ നിർദേശം. ഇത് പ്രായോഗികമല്ലെന്നാണ് വിമർശനം.

Follow Us:
Download App:
  • android
  • ios