സ്ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ്, പൈലറ്റ് സ്ക്വാഡ്രണ്‍ ലീഡര്‍ നിനാദ് മന്ദ്വാഗ്നേ, സംഘാംഗങ്ങളായ കുമാര്‍ പാണ്ഡേ, സെര്‍ജന്‍റ് വിക്രാന്ത് ഷെരാവത്ത്, കോര്‍പ്പറല്‍ ദീപക് പാണ്ഡേ, കോര്‍പ്പറല്‍ പങ്കജ് കുമാര്‍ എന്നിവരാണ് മരിച്ചത്. വ്യോമ സേനാ പുരസ്കാരങ്ങള്‍ക്കായാണ് ഇവരെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

ദില്ലി: ഫെബ്രുവരിയില്‍ ശ്രീനഗറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച സേനാംഗങ്ങള്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് വ്യോമസേന. പാകിസ്ഥാനിലെ ഭീകര ക്യാമ്പ് തകര്‍ത്തതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ആറ് സേനാംഗങ്ങളാണ് ഫെബ്രുവരി 27ന് ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചത്. 

ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. സ്ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ്, പൈലറ്റ് സ്ക്വാഡ്രണ്‍ ലീഡര്‍ നിനാദ് മന്ദ്വാഗ്നേ, സംഘാംഗങ്ങളായ കുമാര്‍ പാണ്ഡേ, സെര്‍ജന്‍റ് വിക്രാന്ത് ഷെരാവത്ത്, കോര്‍പ്പറല്‍ ദീപക് പാണ്ഡേ, കോര്‍പ്പറല്‍ പങ്കജ് കുമാര്‍ എന്നിവരാണ് മരിച്ചത്. വ്യോമ സേനാ പുരസ്കാരങ്ങള്‍ക്കായാണ് ഇവരെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

റഷ്യൻ നിർമ്മിത എം ഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നത് വ്യോമസേനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റാണെന്ന് വ്യോമ സേന നേരത്തെ വിശദമാക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ബദൗരിയ വ്യക്തമാക്കിയിരുന്നു. ബാലാകോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം നടത്താനായി അതിർത്തി കടന്നെത്തിയ പാക് വ്യോമസേനയെ പ്രതിരോധിക്കുന്നതിന് ഇടയിലായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്നത്.

ജമ്മു കശ്മീരിലെ നൗഷേര സെക്ടറിന് മുകളിലായിരുന്നു തകര്‍ന്ന സമയത്ത് ഹെലികോപ്റ്ററുണ്ടായിരുന്നത്. പാക് ഹെലികോപ്റ്ററാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇന്ത്യൻ എയർഫോഴ്സ് പോർവിമാനം എം ഐ 17 ഹെലികോപ്റ്റര്‍ തകര്‍ത്തത്.