Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യയിലെ വിവര ചോർച്ച : നടന്നത് സൈബർ ആക്രമണം, ആസൂത്രിത നീക്കമെന്ന് സിറ്റ കമ്പനി

ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സൈബർ വിദ്ഗധർ വ്യക്തമാക്കുന്നു...

Air India hit by massive data breach
Author
Delhi, First Published May 23, 2021, 9:44 AM IST

ദില്ലി: എയർ ഇന്ത്യയിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചിരുന്ന സിറ്റ കമ്പനിയുടെ സെർവറുകൾക്ക് നേരെ നടന്നത് സൈബർ അക്രമണമെന്ന് അധികൃതർ. ഹാക്കർമാർ നടത്തിയത് അസൂത്രിതമായ നീക്കമെന്നും കമ്പനി പ്രതികരിച്ചു. അതേസമയം എയർ ഇന്ത്യയിലെ വിവരചോർച്ചയിൽ കേന്ദ്രസർക്കാർ വിശദാംശങ്ങൾ  തേടി. വിവരചോർച്ച സംബന്ധിച്ച് ഡിജിസിഎയും റിപ്പോർട്ട് തേടിയിട്ടുണ്ട്. സൈബർ ആക്രമണത്തിൽ എയർ ഇന്ത്യയും പാസ‌‌ഞ്ചർ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും അന്വേഷണം നടത്തുകയാണ്. ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സൈബർ വിദ്ഗധർ വ്യക്തമാക്കുന്നു. 

എയർ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ നേരിട്ട ഏറ്റവും വലിയ സൈബർ ആക്രമണത്തിന് വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് 45 ലക്ഷം പേരുടെ ക്രഡിറ്റ് കാർഡ് ഉൾപ്പെടെ സ്വകാര്യ 
വിവരങ്ങളാണ്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനകമ്പനിയെന്ന നിലയിൽ  യാത്രക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം വ്യക്തിവിവരങ്ങൾ ചോർന്നെന്നാണ് ആശങ്ക. 

ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വിശദാംശം തേടിയത്. യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് എയർ ഇന്ത്യ ഉൾപ്പെടെ പ്രധാന വിമാനകമ്പനികൾ കരാർ നൽകിയിരിക്കുന്നത് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റ എന്ന ഡേറ്റ മാനേജ്മെൻ്റ്  കമ്പനിക്കാണ്. സിറ്റ ലക്ഷ്യമിട്ട് നടത്തിയ ഈ സൈബർ ആക്രമണത്തിൽ എയർ ഇന്ത്യയെ കൂടാതെ സിംഗപ്പൂർ എയർലൈൻസ്, ലുഫ്താൻസ, യുണൈറ്റഡ്, ഫിൻഎയർ, മലേഷ്യൻ എയർലെൻസ്, ബ്രീട്ടീഷ് എയർലൈൻസ് ഉൾപ്പെടെ  പത്തിലേറെ കമ്പനികളുടെ വിവര ചോർച്ചയുണ്ടായെന്നാണ് റിപ്പോർട്ട്.

ആക്രമണം സിറ്റയെ മാത്രമല്ല ആഗോളതലത്തിൽ വിമാനകമ്പനികളെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. 2011 ഓഗസ്റ്റ് 26നും 2021 ഫെബ്രുവരി വരെ  ഇടയിൽ റജിസ്റ്റര്‍ ചെയ്ത യാത്രക്കാരുടെ വിവരങ്ങളാണ് ചോർന്നെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്. ക്രഡിറ്റ് കാർ‍ഡ് വിവരങ്ങൾ കൂടാതെ പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ, ടിക്കറ്റ് വിവരങ്ങളും ഹാക്കർമാർ ചോർത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios