ചൊവ്വാഴ്ചയാണ് 216 യാത്രക്കാരും 16 ജീവനക്കാരുമായി ബോയിംഗ് 777 വിമാനം മഗദാൻ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും റഷ്യൻ പട്ടണത്തിലെ താൽക്കാലിക താമസ സ്ഥലങ്ങളിലേക്ക് മാറ്റി.

ദില്ലി: ഒമ്പത് മണിക്കൂറിന്റെ അനിശ്ചിതത്വത്തിനൊടുവിൽ റഷ്യയിൽ കുടുങ്ങിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുമായി മറ്റൊരു വിമാനം സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യ ഏര്‍പ്പാടാക്കിയ പകരം വിമാനത്തിലാണ് യാത്രക്കാരെ അമേരിക്കയിലെത്തിക്കുന്നത്. ചൊവ്വാഴ്ചയാണ് ദില്ലിയിൽ നിന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട സാങ്കേതിക തകരാർ കാരണം റഷ്യൻ പട്ടണത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. 216 യാത്രക്കാരെയും ക്രൂ അം​ഗങ്ങളുമായി വിമാനം ഇന്ന് റഷ്യയിലെ മഗദാനിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ടു. വിമാനം ലാൻഡ് ചെയ്യുന്നതിനായി സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽ (എസ്എഫ്ഒ) എയർഇന്ത്യ ഓൺ ഗ്രൗണ്ട് സപ്പോർട്ട് വർധിപ്പിച്ചിട്ടുണ്ട്. വൈദ്യസഹായം, ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷൻ എന്നിവയും ഒരുക്കി. 

ചൊവ്വാഴ്ചയാണ് 216 യാത്രക്കാരും 16 ജീവനക്കാരുമായി ബോയിംഗ് 777 വിമാനം മഗദാൻ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും റഷ്യൻ പട്ടണത്തിലെ താൽക്കാലിക താമസ സ്ഥലങ്ങളിലേക്ക് മാറ്റി. ഭാഷ, ഭക്ഷണം, കാലാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികളും വയോധികരുമടങ്ങിയ യാത്രക്കാർ നേരിട്ടു. മഗദാനിലെ സാഹചര്യം വെല്ലുവിളിയായിരുന്നെന്നും കടുത്ത സൗകര്യക്കുറവ് നേരിട്ടെന്നും യാത്രക്കാർ ആരോപിച്ചു.

എഞ്ചിന്‍ തകരാര്‍; സാന്‍ഫ്രാന്‍സ്കോയിലേക്ക് പറന്ന നോണ്‍ സ്റ്റോപ്പ് എയര്‍ ഇന്ത്യാ വിമാനം റഷ്യയില്‍ ഇറക്കി

ചിലരെ സ്കൂളിലാണ് താമസിപ്പിച്ചത്. തറയിൽ കിടക്കേണ്ടി വന്നു. ടോയ്‌ലറ്റ് സൗകര്യങ്ങൾ കുറവായിരുന്നു. കടൽ വിഭവങ്ങളും നോൺ വെജുമായിരുന്നു പ്രധാന ഭക്ഷണം. ബ്രെഡും സൂപ്പും കഴിച്ചാണ് പലരും വിശപ്പടക്കിയതെന്നും പലരുടെയും മരുന്ന് തീർന്ന് പോയെന്നും യാത്രക്കാരൻ ആരോപിച്ചു. എന്നാൽ, റഷ്യൻ അധികൃതർ അനുഭാവപൂർവമാണ് ഇടപെട്ടതെന്നും യാത്രക്കാർ പറഞ്ഞു. 50-ൽ താഴെ അമേരിക്കൻ പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. മറ്റൊരു വിമാനത്തില്‍, ഇന്ന് തന്നെ മഗദാനിൽ നിന്നും സാന്‍ഫ്രാന്‍സ്കോയിലേക്ക് മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും മാറ്റുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.