യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച എയർ ഇന്ത്യ, പകരം വിമാനങ്ങൾ ഏർപ്പാടാക്കാനും, മുഴുവൻ ടിക്കറ്റ് തുക നൽകാനും നടപടികൾ തുടങ്ങിയെന്ന് അറിയിച്ചു.

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ വൈഡ് ബോഡി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഇതിന് പുറമേ നാരോ ബോഡി സർവീസുകളും എയർ ഇന്ത്യ വെട്ടിക്കുറച്ചു. മൂന്ന് റൂട്ടുകളിൽ പൂർണമായും, 19 റൂട്ടുകളിൽ ഭാ​ഗികമായും നാരോബോഡി സർവീസ് താൽകാലികമായി നിർത്താനാണ് തീരുമാനം. ഇത് ആകെ നാരോ ബോഡി സർവീസുകളുടെ അഞ്ച് ശത്മാനത്തിൽ താഴെയേ വരൂവെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

ബെം​ഗളൂരു - സിം​ഗപൂർ, പൂനെ - സിം​ഗപൂർ, മുംബൈ - ബാ​ഗ്ദോ​ഗ്ര എന്നീ റൂട്ടിലെ സർവീസാണ് പൂർണമായി നിർത്തിയത്. ജൂലൈ 15 വരെയാണ് നിയന്ത്രണം. സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് നടപടിയെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച എയർ ഇന്ത്യ, പകരം വിമാനങ്ങൾ ഏർപ്പാടാക്കാനും, മുഴുവൻ ടിക്കറ്റ് തുക നൽകാനും നടപടികൾ തുടങ്ങിയെന്ന് അറിയിച്ചു. 120 അന്താരാഷ്ട്ര - ആഭ്യന്തര റൂട്ടുകളിലായി എയർ ഇന്ത്യയുടെ 600 നാരോബോഡി വിമാനങ്ങളാണ് ദിവസവും സർവീസ് നടത്തുന്നത്. നേരത്തെ 15 ശതമാനം വൈഡ് ബോഡി സർവീസുകളും എയർ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു.

അഹമ്മദാബാദിലുണ്ടായ എയ‌‌ർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ 215 പേരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇതിൽ 198 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ഇതിൽ 149 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസുകാരും 32 പേർ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു.