ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം,സ്കൂളുകള്‍ക്ക് ശൈത്യകാലാവധി നേരത്തെയാക്കി,നാളെ മുതല്‍ പത്ത് ദിവസം ക്ളാസില്ല
ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങള് സുപ്രീം കോടതിക്ക് കൈമാറുമെന്ന് ദില്ലി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായി

ദില്ലി:ദില്ലിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക്. അനുവദനീയമായതിന്‍റെ മൂന്നിരട്ടിയായി മലിനീകരണ തോത് ഉയർന്നു. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് ശൈത്യകാലാവധി നേരത്തെ പ്രഖ്യാപിച്ചു. നാളെ മുതല്‍ നവംബർ പതിനെട്ട് വരെയാണ് അവധി പ്രഖ്യാപിച്ചത് .ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങള് സുപ്രീം കോടതിക്ക് കൈമാറുമെന്ന് ദില്ലി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായി അറിയിച്ചു.വാഹന നിയന്ത്രണം ശാസ്ത്രീയമല്ലെന്ന സുപ്രീംകോടതി വിമർശനത്തിനു പിന്നാലെ ചേർന്ന യോഗത്തിലാണ് തീരുമാനം .ദില്ലിയിലെ മുഴുവൻ സ്മോഗ് ടവറുകളും പ്രവർത്തനക്ഷമമാക്കും
തീയിടൽ നിയന്ത്രിക്കാൻ 611 സ്വാഡുകള് രൂപീകരിക്കും.അയൽ സംസ്ഥാനങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കാൻ സുപ്രീം കോടതി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരിടവേളയ്ക്ക് ശേഷം ഇന്നലെ വായു ഗുണനിലവാര സൂചിക 400 നു താഴേക്ക് എത്തുകയും നേരിയ പുരോഗതി കാണിക്കുകയും ചെയ്തിതിരുന്നു. ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 418. പഞ്ചാബി ബാഗ്, ബവാന, ആനന്ദ് വിഹാർ എന്നിവടങ്ങളിലെല്ലാം 450 ന് മുകളിലാണ് തോത്.ദില്ലിക്കടുത്ത് യുപിയിലെ നോയ്ഡയിലും ഹരിയാനയിലെ ഗുരുഗ്രാമിലുമെല്ലാം സ്ഥിതി ഗുരുതരമാണ്. 150 നു മുകളിലുള്ള തോത് അപകടകരം ആണെന്നിരിക്കെയാണ് ഇതിൻറെ മൂന്നിരട്ടി മലിന വായു തലസ്ഥാനമേഖലയിലുള്ളവർ ശ്വസിക്കുന്നത്. കേരളത്തിൽ കൂടുതൽ വ്യവസായങ്ങളുള്ള കൊച്ചിയിൽ ഈ തോത് ഇന്ന് 47 മാത്രമാണ്. മലിനീകരണം ചെറുക്കാൻ രാഷ്ട്രീയം മാറ്റിവച്ചുള്ള നീക്കം വേണമെന്ന് മുൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നിർദ്ദേശിച്ചു. ദില്ലി സർക്കാരും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.