സമാധാന ബോണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് നേഹ ബോറയ്ക്ക് നോട്ടീസ് ലഭിച്ചതിൽ നീക്കവുമായി ഐസ. നോട്ടീസ് പിൻവലിക്കണമെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഐസ ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

ദില്ലി: സമാധാന ബോണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡൻ്റ് നേഹ ബോറയ്ക്ക് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ. നോട്ടീസ് പിൻവലിക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി നേതാക്കളെ അടക്കം സമാധാന ബോണ്ട് ഒപ്പിടുവിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം ദില്ലി പൊലീസ് നടത്തുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഐസയുടെ നീക്കം. നേഹയുടെ നീക്കങ്ങൾ അറിയാൻ ദില്ലി പൊലീസ് പിന്തുടരുന്നു എന്നും ആരോപണമുണ്ട്.

നേരത്തെ കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയെ കൊണ്ട് പൊലീസ് സമാധാന ബോണ്ടിൽ ഒപ്പുവെച്ചിരുന്നു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ കാര്യത്തിലും ദില്ലി പൊലീസ് സമാന നടപടി സ്വീകരിച്ചേക്കും. ഇതിനിടയലാണ് നേഹ ബോറയ്ക്കും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്.

ബിഎൻഎസ് 126, 130 വകുപ്പുകൾ പ്രകാരം 10,000 രൂപ വ്യക്തിഗത ബോണ്ടും ആൾജാമ്യവുമാണ് നേഹയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വ‍ർഷത്തേക്ക് പൊതുക്രമത്തെയോ പൊതു സമാധാനത്തെയോ ബാധിക്കുന്ന തരത്തിലുള്ള യാതൊരു നടപടികളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കാൻ പാടില്ലെന്നാണ് നി‍‍ർദേശം. ഇന്നുതന്നെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാകണമെന്നും നി‍ർദേശമുണ്ട്.

പ്രതിഷേധം തടയാൻ പൊലീസ് നിയമനടപടികളെ ദുരുപയോ​ഗം ചെയ്യുകയാണെന്ന് ഐസ ആരോപിക്കുന്നു. നോട്ടീസ് പിൻവലിക്കണമെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഐസ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണിതെന്നും പ്രതിഷേധിക്കാനുള്ള പൗരൻ്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ഐസ പറയുന്നു. ദസറ പ്രമാണിച്ച് അവധിയായതിനാൽ ഹ‍ർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യവും ഐസ ഉന്നയിച്ചിട്ടുണ്ട്.