ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വധശ്രമത്തിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തി. പ്രതികളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനു നേരെയുണ്ടായ വെടിവയ്പ്പിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തി. പ്രതികളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. അക്രമികൾ നടന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ഞായറാഴ്ച നടൻ ഫുട്ബോൾ കളിക്കാൻ എത്തുന്ന ഗ്രൗണ്ടിന് സമീപം ആക്രമണത്തിനായി തെരഞ്ഞെടുത്തു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എക്നാഥ് ഷിൻഡെ ടൈഗർ ഷ്റോഫിനെ വീട്ടിലെത്തി കണ്ടു. ഏത് ഗാങ് ആയാലും വെറുതെ വിടില്ലെന്ന് ഷിൻഡെ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് കോൺഗ്രസ്സും ശിവസേന ഉദ്ധവ് പക്ഷവും ആരോപിച്ചു. വിദ്യാർത്ഥികളെയും സാമൂഹ്യപ്രവർത്തകരെയും വേട്ടയാടാതെ അക്രമികളെ പിടിക്കൂവെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതികരിച്ചു.
വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷമുള്ള ടൈഗർ ഷ്റോഫിൻ്റെ ചിത്രം പുറത്ത്
മുംബൈയിലെ ഫുട്ബോൾ ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ടൈഗർ ഷ്റോഫിന് നേരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡിസിപി മോഹിത് ഗാർഗ് പറഞ്ഞു. സംഭവത്തിൽ നടന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ജുഹു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ വെടിവെപ്പ് നടന്നത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘാംഗമായ ഗുണ്ടാ തലവൻ അനിൽ പണ്ഡിറ്റ് ഏറ്റെടുത്തു.
വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷമുള്ള ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടൈഗർ ഷ്റോഫിൻ്റെ വലത് കൈയിൽ ബാൻഡേജ് ചുറ്റിയ നിലയിലാണ്. വലത് തോളിലും നെഞ്ചിലും ഇടത് കൈത്തണ്ടയിലും ഡ്രസ്സിങ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച അർധരാത്രിയോടെ ആണ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ടൈഗർ ഷ്റോഫിനെ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വസതിയിലെത്തി സന്ദർശിച്ചത്.
ടൈഗർ ഷ്റോഫും അമ്മ ആയിഷ ഷ്റോഫും വലിയ ഞെട്ടലിലാണെന്ന് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് റൗണ്ട് വെടിയാണ് അക്രമികൾ ഉതിർത്തത്. ഭാഗ്യവശാൽ അദ്ദേഹം സുരക്ഷിതനാണ്. അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സംഭവം അപലപനീയമാണ്. വെടിമരുന്നും ചില്ലുകഷ്ണങ്ങളും തെറിച്ച് അദ്ദേഹത്തിന്റെ ഇടത് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹവും അമ്മയും വലിയ ഭയത്തിലാണ്. ഒരു തരത്തിലുള്ള ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് ഷിൻഡെ പറഞ്ഞു. മുംബൈയിൽ 1990കളിൽ ഗുണ്ടാ അക്രമങ്ങൾ പതിവായിരുന്നുവെന്നും എന്നാൽ മുംബൈ പൊലീസ് അത് നിയന്ത്രണവിധേയമാക്കിയെന്നും ഷിൻഡെ പറഞ്ഞു. ഇത്തരം സംഭവങ്ങൾ തടയാനും ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാനും കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.



