വിശദീകരണവുമായി ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ രംഗത്ത്. ബം​ഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിലാണ് വിശദീകരണം. പ്രസ്താവന ബിജെപി ആയുധമാക്കുന്നതിനിടെയാണ് നേഹ രംഗത്തെത്തിയിരിക്കുന്നത്.

ദില്ലി: ബം​ഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് നേഹ ബോറ പറഞ്ഞു. ബം​ഗ്ലാദേശിലെ പുരോ​ഗമന വിദ്യാർത്ഥി കൂട്ടായ്മയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ പേഴ്സണൽ നാഷണൽ കോൺഫറൻസിൽ പ്രദർശിപ്പിക്കാൻ തയ്യാറാക്കിയ വീഡിയോ ആണ് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതെന്നും നേഹ ബോറ വ്യക്തമാക്കി.

ബം​ഗ്ലാദേശിലെ ജെൻസി പ്രക്ഷോഭത്തിലെ പുരോ​ഗമന വിഭാ​ഗത്തിന്റെ പങ്കാണ് പ്രചോദനമായി പറഞ്ഞതെന്നും ബം​ഗ്ലാദേശിലെ തീവ്ര വലതുപക്ഷം ആദ്യം പ്രചരിപ്പിച്ചത് ഇന്ത്യയിലെ വലതുപക്ഷം ഏറ്റെടുത്തെന്നും നേഹ ബോറ പറയുന്നു. സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ലോ​ഗോ വീഡിയോയിൽ നിന്ന് വെട്ടിക്കളഞ്ഞാണ് പ്രചരിപ്പിച്ചതെന്നും നേഹ വിശദീകരിച്ചു. വീഡിയോ ചൂണ്ടിക്കാട്ടി ബം​ഗ്ലാദേശിലെ ഭരണ അട്ടിമറിയാണ് നേഹയ്ക്ക് പ്രചോദനമെന്ന പ്രചാരണം ബിജെപി വ്യാപകമാക്കിയതിന് പിന്നാലെയാണ് വിശദീകരണം. നേഹയുടെ പ്രസ്താവന തള്ളിയ ഐസ നേതാക്കൾ, വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ബംഗ്ലാദേശിൽ നടന്ന യുവജന പ്രക്ഷോഭം ഇന്ത്യയിലെ സമരങ്ങൾക്ക് വഴി കാണിച്ചുതന്നു എന്ന നേഹ ബോറയുടെ പ്രസ്താവന ഉയർത്തി ആണ് ബിജെപി കടുത്ത വിമർശനം നടത്തിയിരുന്നത്. നേഹ ബോറയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ' എന്ന് വിശേഷിപ്പിച്ച ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി, പ്രസ്താവനകൾ രാഹുൽ ഗാന്ധിയുടെ ചിന്താഗതിയാണ് വ്യക്തമാക്കുന്നതെന്ന് ആരോപിച്ചിരുന്നു. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനും ഭരണമാറ്റം കൊണ്ടുവരാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.