ഇൻഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു ആകാശ് വിജയവര്‍ഗിയ കോര്‍പ്പറേഷന്‍ അധികൃതരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അക്രമിച്ചത്.
ഇന്‍ഡോര്‍: അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ ബിജെപി എംഎല്‍എ പൊതുജനമധ്യത്തിൽ ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എംഎല്‍എയെ തള്ളി പ്രധാനമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ കെട്ടിട സമുച്ചയം ഇന്ന് നഗരസഭ പൊളിച്ച് നീക്കി.
കെട്ടിടത്തിന്‍റെ ഉടമയായ ഭുരെ ലാല്‍ കെട്ടിടം പൊളിക്കുന്നതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഹര്‍ജി തള്ളിയതോടെയാണ് നഗരസഭ കെട്ടിടം പൊളിച്ചുനീക്കിയത്. ലാലിന് മൂന്ന് മാസം താത്കാലികമായി താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇൻഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു ആകാശ് വിജയവര്‍ഗിയ കോര്‍പ്പറേഷന്‍ അധികൃതരെ അക്രമിച്ചത്. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
നിമിഷങ്ങള്‍ക്കകം സ്ഥലം കാലിയാക്കണം എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മർദ്ദനം. മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും മുന്നിലായിരുന്നു എംഎൽഎയും അനുയായികളും ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചത്. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ബിജെപി മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ മകനാണ് ആകാശ് വിജയവര്‍ഗിയ. 'ആരുടെ മകനായാലെന്ത് ഇതൊന്നും സഹിക്കാന്‍ കഴിയില്ല' എന്നായിരുന്നു വിഷയത്തിൽ അസ്വസ്ഥനായ പ്രധാനമന്ത്രിയുടെ പ്രതികരണം. ആരെന്നതില്‍ പ്രസക്തിയില്ല ഇത്തരക്കാര്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്നും ജയില്‍ മോചിതനായ ആകാശിന് സ്വീകരണം നല്‍കിയവരും പാര്‍ട്ടിക്ക് പുറത്തുപോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു .
