ഉത്തർപ്രദേശിലെ വാരാണാസിയിൽനിന്ന് യാത്ര ആരംഭിക്കുന്ന കപ്പൽ ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡിലേക്കാണ് യാത്ര ചെയ്യുക. ഏകദേശം 4,000 കീലോമീറ്റർ 51 ദിവസംകൊണ്ട് താണ്ടുക

വാരണാസി: ഗംഗയിലൂടെയുള്ള ആഡംബരനൗക ഉദ്ഘാടനത്തിന് മുന്പ് ബിജെപിയെ കടന്നാക്രമിച്ച് സമാജ്വാദ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഗംഗയിലൂടെയുള്ള ആഡംബരനൗക പദ്ധതി ധനികർക്കു വേണ്ടിയുള്ള പദ്ധതിയാണ്. ധനികര്‍ക്ക് വേണ്ടിയുള്ള പദ്ധതിയിലാണ് ബിജെപിക്ക് നോട്ടമെന്നാണ് അഖിലേഷ് ആരോപിക്കുന്നത്. ഈ പദ്ധതികൊണ്ട് ഗംഗയില്‍ നിലവില്‍ ചെറുബോട്ടുകള്‍ ഓടിക്കുന്ന നിഷാദ വിഭാഗത്തിലുള്ളവര്‍ക്ക് എന്ത് ഗുണമാണ് ഉണ്ടാവുകയെന്നാണ് അഖിലേഷ് ചോദിക്കുന്നത്.

ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആഗോള നിക്ഷേപ സമ്മേളനം തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അഖിലേഷ് ആരോപിച്ചു. വാര്‍ധക്യ കാലത്ത് നിരവധിയാളുകളാണ് ആത്മീയതയില്‍ മുഴുകി ജീവിക്കാനായി വാരണാസിയില്‍ എത്താറുണ്ട്. ആത്മീയ കാര്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനുമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍. എന്നാല്‍ ബിജെപി വാരണാസിയില്‍ ടൂറിസം സാധ്യതകളാണ് പ്രോത്സാഹിപ്പിക്കുന്നത്. പണമുണ്ടാക്കുക ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികള്‍. പുറത്ത് നിന്നുള്ള ബിസിനസുകാര്‍ക്കാണ് ഇത്തരം പദ്ധതികള്‍ മൂലമുള്ള ലാഭമുണ്ടാവുന്നതെന്നും അഖിലേഷ് ആരോപിച്ചു.

സാധാരണക്കാരായ പ്രദേശവാസികളെ അവഗണിച്ചുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും അഖിലേഷ് കുറ്റപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയായ ഗംഗാ വിലാസ് പ്രധാന മന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാജ്യത്തിന് സമർപ്പിക്കുന്നത്. ഉത്തർപ്രദേശിലെ വാരാണാസിയിൽനിന്ന് യാത്ര ആരംഭിക്കുന്ന കപ്പൽ ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡിലേക്കാണ് യാത്ര ചെയ്യുക. ഏകദേശം 4,000 കീലോമീറ്റർ 51 ദിവസംകൊണ്ട് താണ്ടും. പര്യടനത്തിനിടെ വിവിധ പൈതൃക സ്ഥലങ്ങളും ദേശീയ ഉദ്യാനങ്ങളും സന്ദർശിക്കും. ചടങ്ങിൽ ആയിരം കോടി ചിലവിട്ടുള്ള വാരാണസിയിലെ വിവിധ വികസന പദ്ധതികൾക്കും മോദി തറക്കല്ലിടും.