"അദ്ദേഹം വലിയ അനുഭവപരിചയമുള്ള നേതാവാണ്. അദ്ദേഹത്തെ കുറിച്ച് എന്ത് പറയാൻ കഴിയും. അദ്ദേഹത്തിന് ബീഹാറും ബീഹാർ രാഷ്ട്രീയത്തിന്റെ ഗണിതവും നന്നായി അറിയാം," അഖിലേഷ് പറഞ്ഞു.

ലഖ്‌നൗ : ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതൊരു നല്ല തുടക്കമാണ്, ഈ ദിവസം 'ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക' ('അംഗ്രേസോ ഭാരത് ഛോഡോ') എന്ന മുദ്രാവാക്യം ഉയര്‍ന്നു, ഇന്ന് 'ബിജെപിയെ ഓടിക്കുക' ('ബിജെപി ഭഗാവോ') എന്ന മുദ്രാവാക്യം ബിഹാറിൽ നിന്ന് വരുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. താമസിയാതെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ബിജെപിക്കെതിരെ നിലകൊള്ളുമെന്ന് കരുതുന്നുവെന്നും ഉത്തർപ്രദേശിലെ കനൗജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യാദവ് പറഞ്ഞു.

"അദ്ദേഹം വലിയ അനുഭവപരിചയമുള്ള നേതാവാണ്. അദ്ദേഹത്തെ കുറിച്ച് എന്ത് പറയാൻ കഴിയും. അദ്ദേഹത്തിന് ബീഹാറും ബീഹാർ രാഷ്ട്രീയത്തിന്റെ ഗണിതവും നന്നായി അറിയാം," ഒരു ചോദ്യത്തിന് മറുപടിയായി അഖിലേഷ് പറഞ്ഞു.

ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചത്. ആര്‍ജെഡിയുടെയും കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പിന്തുണയോടെ നിതീഷിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ നാളെ അധികാരത്തിലേറും.

164 എംഎൽഎമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചതായി നിതീഷ് കുമാർ പറഞ്ഞു. 242 അംഗ സംസ്ഥാന നിയമസഭയിലെ ഭൂരിപക്ഷം 122 ആണ്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ ജെഡിയു നേതാവ് വഞ്ചിച്ചെന്ന് ആരോപിച്ച സംസ്ഥാന ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ, ബിഹാറിലെ ജനങ്ങൾ കുമാറിനെ ശിക്ഷിക്കുമെന്ന് പ്രതികരിച്ചു.

2017-ൽ മഹാഗത്ബന്ധൻ വിട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻ.ഡി.എ) വീണ്ടും ചേരുമ്പോൾ സംഭവിച്ചതിന് വിപരീതമായിരുന്നു കുമാറിന്റെ ഇപ്പോഴത്തെ നീക്കം. 2013ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിനെ തുടർന്ന് അദ്ദേഹം എൻഡിഎ വിട്ടിരുന്നു.