ദില്ലി: വധശിക്ഷ ശരിവെച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി അക്ഷയ് ഠാക്കൂർ പുനഃപരിശോധന ഹർജി നൽകി. ദില്ലിയില്‍ വായുവും വെള്ളവും മലിനമായതിനാല്‍ ആയുസ് കുറയുന്നു, അതുകൊണ്ട് എന്തിന് വധശിക്ഷ നടപ്പാക്കണമെന്നുമാണ് ഹര്‍ജിയില്‍ അക്ഷയ് ഠാക്കൂര്‍ ചോദിക്കുന്നത്. നിർഭയ കൊല്ലപ്പെട്ടിട്ട് ഡിസംബർ 16 ന് ഏഴുവർഷം പൂർത്തിയാകാനിരിക്കെ വധശിക്ഷക്ക് വിധിച്ച പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

തൂക്കിലേറ്റുന്നതിന്‍റെ ഡമ്മി ട്രയൽ നടത്തിയതായാണ്  ജയിൽ വ്യത്തങ്ങൾ നൽകുന്ന സൂചന . കേസിൽ കുറ്റക്കാരാനായ വിനയ് ശര്‍മ്മയുടെ  ദയാഹര്‍ജി പിൻവലിച്ചതോടെ ഇയാളെ കഴിഞ്ഞ ദിവസം തീഹാർ ജയിലിലേക്ക് കൊണ്ടു വന്നിരുന്നു. ദില്ലിയിലെ മാൺഡൂലി ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. കേസിൽ കുറ്റക്കാരായ അക്ഷയ് ഠാക്കൂര്‍, മുകേഷ് സിങ്ങ്, പവൻ ഗുപ്ത് എന്നിവർ തീഹാർ ജയിലിൽ തന്നെയാണ് ഉള്ളത്. പ്രതിയായിരുന്ന റാം സിങ്ങിന്‍റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു. കൂടാതെ കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ   മൂന്നാം ജയിലിന്‍റെ മരാമത്ത് പണികളും ഇതിനിടെ  പൂർത്തിയാക്കിയിരുന്നു. 

2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലി നഗരത്തിലെ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും ചെയ്തത്. തുടര്‍ന്ന് യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ അവള്‍ മരണത്തിന് കീഴടങ്ങി.