മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടാൻ ശ്രമിച്ച യാത്രക്കാരനെ രക്ഷിച്ചത് സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ സമയോചിതമായ ഇടപെടൽ. ഇറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ യാത്രക്കാരൻ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങുകയയായിരുന്നു. ഇതിനിടയിൽ സമീപത്തുണ്ടായിരുന്ന  ഉദ്യോഗസ്ഥന്‍ ഇയാളെ വലിച്ച് കയറ്റുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലൂടെ കടന്നു പോകുകയായിരുന്നു ട്രെയിൻ. ഈ സമയത്ത് ട്രെയിനില്‍ നിന്ന് ചാടിയ 52കാരൻ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ട്രെയിന്‍ ഓടുന്നതിന്റെ എതിര്‍ ദിശയിലാണ് യാത്രക്കാരന്‍ ചാടിയത്. നിയന്ത്രണം വിട്ട് യാത്രക്കാരന്‍ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷയ്ക്ക് എത്തുന്നത് വീഡിയോയിൽ കാണാം.

52 വയസുളള യാത്രക്കാരന്‍ വീഴുന്നതിനിടെ അതേ ബോഗിയില്‍ നിന്ന് തന്നെ ചാടാന്‍ ശ്രമിച്ച മറ്റൊരു യാത്രക്കാരനും നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.