പാറ്റ്ന: കഴിഞ്ഞ ദിവസമാണ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെയാണ് മിശ്രയുടെ സംസ്കാര ചടങ്ങുകള്‍ നടത്തിയത്. എന്നാല്‍ ഇതിനിടയില്‍ കല്ലുകടിയായത് ആചാരവെടിയാണ്. 22 പൊലീസുകാരാണ് ആചാരവെടിമുഴക്കാന്‍ തോക്കുമായി നിരന്നുനിന്നത്. എന്നാല്‍ ഒറ്റതോക്കില്‍ നിന്നുപോലും വെടി ഉതിര്‍ന്നില്ല. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. ഇവര്‍ക്ക് മുന്നില്‍ വച്ചാണ് ഒരു തോക്കുപോലും ശബ്ദിക്കാനാകാത്തവിധം കേടാണെന്ന് പൊലീസുകാരറിഞ്ഞത്. പലതവണ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. 

മുന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് സംഭവമെന്ന് ചടങ്ങിനെത്തിയ ആര്‍ജെഡിഎംഎല്‍എ യദുവംശ് കുമാര്‍ യാദവ് പറഞ്ഞു. ഓഗസ്റ്റ് 19നാണ് ജഗന്നാഥ് മിശ്ര അന്തരിച്ചത്. 82 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 21 ന് ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്‍റെ സംസാരകച്ചടങ്ങുകള്‍ നടന്നത്.