ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ട് മാസമായി തുടരുന്ന വാര്‍ത്താവിനിമയ വിതരണം പുനഃസ്ഥാപിക്കാന്‍ തീരുമാനം. തിങ്കളാഴ്ച മുതല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനാണ് തീരുമാനമായിരിക്കുന്നത്. ''തിങ്ങളാഴ്ച ഉച്ചയോടെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിക്കും'' - ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. ഇന്ത്യ ചൈന ഉച്ചകോടി തുടരുന്നതിനിടെയാണ് കശ്മീരിലെ പ്രഖ്യാപനം.

ഇന്ത്യന്‍ ഭരണഘടന ജമ്മുകശ്മീരിന് ഉറപ്പു നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതിനോടനുബന്ധിച്ചാണ് ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍കൊണ്ടുവന്നത്. ഓഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി തിരിച്ചതും. 

ജമ്മുകശ്മീരില്‍ തിരിച്ചടികളുണ്ടാകാതിരിക്കാന്‍ വലിയ സുരക്ഷാ നടപടികളാണ് മേഖലയില്‍ നടപ്പിലാക്കിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തു. കൂടുതല്‍ സേനയെ വിന്യസിച്ചു.