ജനങ്ങൾ മാനസികമായി തയ്യാറെടുക്കണം. കുടിവെള്ള വിതരണത്തിനായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വരൾച്ചയും കർഷകരുടെ പ്രശ്നങ്ങളും ചർച്ചചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നു. ഈ ആഴ്ച മം​ഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോ​ഗവും ചേരും.

ബെം​ഗളൂരു: വരൾച്ച കാരണം കർണാടകയിൽ ജലക്ഷാമവും വൈദ്യുതപ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ജനങ്ങൾ ഇതിനായി മാനസികമായി തയ്യാറെടുക്കണമെന്നും വരൾച്ചാ സാഹചര്യങ്ങൾ കൈകാര്യംചെയ്യാൻ സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മഴ ലഭ്യത കുറഞ്ഞതാണ് വരൾച്ചയ്ക്ക് കാരണം. വലിയതോതിൽ മഴ കുറഞ്ഞു. എന്നാൽ, എംഎൽഎമാർ പരിഭ്രാന്തരാകേണ്ടതില്ല. ഈ സാഹചര്യത്തിൽ രാഷ്ട്രീയലക്ഷ്യംവെച്ച് പ്രതിഷേധങ്ങൾ നടത്തുന്നതിലും അർഥമില്ല. പ്രതിപക്ഷ പാർട്ടികൾ ഈ സാഹചര്യം രാഷ്ട്രീയമായി ഉപയോ​ഗിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, വിഷയത്തിൽ സർക്കാരിന് നിങ്ങളെക്കാൾ കരുതലുണ്ടെന്നും ഡി കെ ശിവകുമാർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വരൾച്ചാ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുകയാണ്. ചില മേഖലകളിൽ പഠനം പൂർത്തിയാക്കി. ബാക്കി മേഖലകളിൽ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് ഇതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങൾ മാനസികമായി തയ്യാറെടുക്കണം. കുടിവെള്ള വിതരണത്തിനായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വരൾച്ചയും കർഷകരുടെ പ്രശ്നങ്ങളും ചർച്ചചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നു. ഈ ആഴ്ച മം​ഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോ​ഗവും ചേരും. കർഷകരുമായുള്ള ചർച്ചകൾക്ക് ശേഷം കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്തെ 101 താലൂക്കുകളെ വരൾച്ചാ ബാധിതമേഖലകളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ മേഖലകളെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.