2022-ൽ, മഹാരാഷ്ട്ര സർക്കാരിൻ്റെ  നിര്‍ദ്ദേശത്തെ തുടര്‍ന്ന്  സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

ദില്ലി: ബിജെപി നേതാക്കളെ ക്രിമിനല്‍ കേസുകളില്‍ കുടുക്കാൻ ഗുഢാലോചന നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ കേസെടുത്തു. എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന്‍റെ മുതിര്‍ന്ന നേതാവാണ് അനില്‍ദേശ്മുഖ്. അദ്ദേഹത്തെ കൂടാതെ മഹാരാഷ്ട്രയിലെ മുന്‍ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ പണ്ഡിറ്റ് ചവാനും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2022-ൽ, മഹാരാഷ്ട്ര സർക്കാരിൻ്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര സ്പീക്കർക്ക് ഓഡിയോ, വീഡിയോ തെളിവുകൾ അടങ്ങിയ പെൻഡ്രൈവുകൾ സമർപ്പിച്ചതാണ് അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ഈ അന്വേഷണത്തില്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്നാണ് പുതിയ കേസെടുത്തിരിക്കുന്നത്. അതേസമയം ബിജെപി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിബിഐയെ ഉപയോഗിച്ച് കള്ളകേസുകളുണ്ടാക്കുകയാണെന്ന് അനില്‍ ദേശ് മുഖ് പ്രതികരിച്ചു.