2016ൽ വാങ്ങിയ ഭൂമിയിൽ അടുത്തിടെയാണ് വീട് നിർമ്മാണം പൂ‍ർത്തിയായത്

ഖലിലാബാദ്: ചുളുവിലയ്ക്ക് ചോദിച്ച സ്ഥലം നൽകിയില്ല. പുതിയതായി നിർമ്മിച്ച വീട് ബുൾഡോസ‍ർ ഉപയോഗിച്ച് തകർത്ത് അയൽവാസി. ഉത്തർപ്രദേശിലെ ഖലിലാബാദിലാണ് സംഭവം. സംഭവത്തിൽ നാല് പേ‍ർക്കെതിരെ പൊലീസ് കേസ് എടുത്തു. സരയ ഗ്രാമവാസിയായ പലചരക്ക് കടക്കാരനായ റാം ദയാലും ഉസ്കാ ഖു‍ദ്ദ് ഗ്രാമവാസിയായ റാം ജതൻ മൗര്യയും തമ്മിൽ സ്ഥലത്തേച്ചൊല്ലി ത‍ർക്കം നിലനിന്നിരുന്നു. ഈ തർക്കത്തിനൊടുവിലാണ് റാം ദയാൽ നിർമ്മിച്ച പുതിയ വീട് റാം ജതൻ മൗര്യ ബുൾഡോസറിന്റെ സഹായത്തോടെ തകർത്തത്.

സംഭവത്തിൽ വിവര ശേഖരണം നടത്തുകയാണെന്നാണ് ഖലിലാബാദ് പൊലീസ് വിശദമാക്കുന്നത്. റാം ദയാൽ വീട് നിർമ്മിച്ചതിനോട് ചേ‍ർന്നുള്ള ഭൂമി ചുളുവിലയ്ക്ക് വിൽക്കാൻ സമ്മതിക്കാത്തതാണ് പ്രകോപമെന്നാണ് റാം ദയാൽ ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അനധികൃതമായി സംഘം ചേർന്നതിനും തടഞ്ഞുവച്ചതിനും കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചതിനും സമാധാനം തകർക്കാൻ ശ്രമിച്ചതിനുമാണ് റാം ജതൻ മൗര്യയ്ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. റാം ദയാലിന്റെയും ഭാര്യ പുഷ്പ യാദവിന്റേയും പരാതിയിലാണ് നടപടി.

നേരത്തെ വിവിധ ആളുകളെ ഉപയോഗിച്ച് സ്ഥലം ചെറിയ വിലയ്ക്ക് തട്ടിയെടുക്കാൻ റാം ജതൻ മൗര്യ ശ്രമിച്ചിരുന്നു. എന്നാൽ റാം ദയാൽ ഇതിന് വഴങ്ങിയില്ല. 2016ൽ വാങ്ങിയ ഭൂമിയിൽ അടുത്തിടെയാണ് വീട് നിർമ്മാണം പൂ‍ർത്തിയായത്. വീട് നിർമ്മാണം പൂ‍ർത്തിയായതിന് പിന്നാലെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ രണ്ട് ലക്ഷം രൂപ വേണമെന്ന് റാം ജതൻ മൗര്യ വിശദമാക്കിയിരുന്നു. എന്നാൽ ഇതിന് റാം ദയാൽ വഴങ്ങിയില്ല. ശനിയാഴ്ച രാത്രിയാണ് പുതിയ വീട് അക്രമികൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം