വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഗോരഖ്‌പൂർ സ്വദേശിനിയായ യുവതി വിവാഹ മോചനത്തിന് ഹർജി നൽകി. തനിക്ക് അച്ഛനാകാൻ കഴിയില്ലെന്ന് ആദ്യരാത്രിയിൽ ഭർത്താവ് വെളിപ്പെടുത്തിയെന്ന് പരാതിക്കാരിയായ യുവതി കോടതിയെ അറിയിച്ചു
ഗോരഖ്‌പൂർ: തനിക്ക് അച്ഛനാകാൻ കഴിയില്ലെന്ന് ഭർത്താവ് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് മൂന്നാം ദിനം ഭാര്യ ഡിവോഴ്‌സ് ഹർജി സമർപ്പിച്ചു. ആദ്യരാത്രിയിലെ ഭർത്താവിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം. ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ സ്വദേശിയായ യുവതിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭർത്താവിൻ്റെ വൈദ്യ പരിശോധനാ ഫലങ്ങൾ അടക്കം തെളിവായി സമർപ്പിച്ചിട്ടുണ്ട്. വിവാഹത്തിന് തങ്ങൾ നൽകിയ സമ്മാനങ്ങളും, വിവാഹ ചെലവായി മുടക്കിയ തുകയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഡിവോഴ്‌സ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഒരു ജീവിതകാലം മുഴുവൻ ശാരീരികമായി ശേഷിയില്ലാത്ത ഒരാൾക്കൊപ്പം കഴിയാനാകില്ലെന്നും ആദ്യരാത്രിയിൽ മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നുമാണ് ഡിവോഴ്‌സ് ഹർജിയിൽ യുവതി പറഞ്ഞത്. ഗോരഖ്‌പൂർ ഇൻ്റസ്ട്രിയൽ ഡവലപ്മെൻ്റ് അതോറിറ്റിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നയാളാണ് 25കാരനായ വരൻ. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ച ഇരുവരുടെയും വിവാഹം നവംബർ 28 നാണ് നടന്നത്. ഡിസംബർ ഒന്നിന് സ്വന്തം വീട്ടിൽ തിരിച്ചെത്തിയ യുവതി പിന്നാലെ ഡിവോഴ്‌സ് ഹർജി സമർപ്പിക്കുകയായിരുന്നു.
ഡിസംബർ മൂന്നിന് ഇരുകുടുംബങ്ങളും ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും കലഹിച്ച് പിരിഞ്ഞു. വരൻ്റെ രണ്ടാം വിവാഹമാണിതെന്നും ആരോപണമുണ്ട്. സമാനമായ കാരണമാണ് രണ്ട് വർഷം മുൻപ് നടന്ന വിവാഹ ബന്ധം വേർപെടുത്താൻ കാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഒരു മാസത്തിനകം ഏഴ് ലക്ഷം രൂപയും വിവാഹ സമ്മാനങ്ങളും മടക്കിനൽകണമെന്നാണ് യുവതിയുടെ കുടുംബം മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായതായും റിപ്പോർട്ടുകളുണ്ട്.


