ആഭ്യന്തരമന്ത്രിയായി അമിത് ഷാ വീണ്ടുമെത്തുന്ന മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി കസേരയില്‍ രാജ്‌നാഥ് സിംഗ് തുടരും

ദില്ലി: മൂന്നാം മോദി സര്‍ക്കാരിലും സുപ്രധാന വകുപ്പുകളില്‍ മാറ്റമില്ല. ഘടകകക്ഷികളുടെ സമ്മര്‍ദ്ദം പരിഗണിക്കാതെ സുപ്രധാന വകുപ്പുകളെല്ലാം ബിജെപി കൈയില്‍ വച്ചു. സുരേഷ് ഗോപി ടൂറിസം, പെട്രോളിയം സഹമന്ത്രിയാകുമ്പോള്‍, ജോര്‍ജ്ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയങ്ങളുടെ സഹമന്ത്രി സ്ഥാനവും നല്‍കി. പുതിയ മന്ത്രിസഭയും തൻ്റെ കൈവശമെന്നാണ് ഇതിലൂടെ നരേന്ദ്ര മോദി നൽകുന്ന സന്ദേശം.

ആഭ്യന്തരമന്ത്രിയായി അമിത് ഷാ വീണ്ടുമെത്തുന്ന മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി കസേരയില്‍ രാജ്‌നാഥ് സിംഗ് തുടരും. മാറ്റം വന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ധനമന്ത്രലായത്തിന്‍റെ താക്കോല്‍ നിര്‍മ്മല സീതാരമന് തന്നെ വീണ്ടും നൽകി. വിദേശകാര്യം മന്ത്രാലയത്തിന്‍റെ അമരക്കാരനായ എസ് ജയ്‌ശങ്കറിനെയും മോദി മാറ്റിയില്ല. വാണിജ്യ മന്ത്രാലയത്തില്‍ പിയൂഷ് ഗോയലിനെയും, വിദ്യഭ്യാസ മന്ത്രാലയത്തില്‍ ധര്‍മ്മേന്ദ്ര പ്രധാനെയും നിലനിര്‍ത്തി. അശ്വിനി വൈഷ്ണവിന് വലിയ പ്രമോഷന്‍ നല്‍കി റയില്‍‌വേക്കൊപ്പം വാര്‍ത്താ വിതരണം, ഐടി എന്നീ മൂന്ന് സുപ്രധാന മന്ത്രാലയങ്ങള‍ുടെ ചുമതല ഏല്‍പിച്ചു. 

കേന്ദ്രമന്ത്രിസഭയിൽ എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്ക് മുന്‍പ് കൈകാര്യം ചെയ്ത ആരോഗ്യ മന്ത്രാലയം നല്‍കി. ശിവരാജ് സിംഗ് ചൗഹാന് കൃഷി മന്ത്രാലയവും നൽകി. അതേസമയം സ്പീക്കര്‍ പദവി ചോദിച്ച ഘടക ക്ഷിയായ ടിഡിപിക്ക് വ്യോമയാന മന്ത്രാലയം നല്‍കി. ടിഡിപി അംഗം റാം മോഹന്‍ നായിഡുവാണ് മന്ത്രി. ജെഡിഎസിൽ നിന്ന് എച്ച്ഡി കുമാരസ്വാമിക്ക് ഘന വ്യവസായ മന്ത്രാലയമാണ് നല്‍കിയത്.

ലോക് ജനശക്തി പാര്‍ട്ടിയിൽ നിന്ന് മന്ത്രി പദവിയിൽ വീണ്ടുമെത്തിയ ചിരാഗ് പാസ്വാന് സ്ഥിരം നല്‍കുന്ന ഭക്ഷ്യ സംസ്കാരണ വകുപ്പാണ് ഇക്കുറിയും നല്‍കിയത്. ഗ്രാമവികസനം പോലും നല്‍കാതെ ജെഡിയുവിന്‍റെ ലലന്‍ സിംഗിന് പഞ്ചായത്തി രാജിന്‍റെ ചുമതല നല്‍കി. കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയുടെയും, ജോര്‍ജ്ജ് കുര്യന്‍റെയും വകുപ്പുകളിലും തീരുമാനമായി. ടൂറിസം, പെട്രോളിയം പ്രകൃതി വാതകം മന്ത്രാലയങ്ങളില്‍ സുരേഷ് ഗോപി സഹമന്ത്രിയാകും. ന്യൂനപക്ഷ ക്ഷേമത്തിന് പുറമെ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ മന്ത്രാലയങ്ങളിലേക്ക് ജോര്‍ജ്ജ് കുര്യനും എത്തും.

പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉള്‍പ്പെടുത്തി നിര്‍ധനര്‍ക്ക് മൂന്ന് കോടി വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കാന്‍ സത്യപ്രതിജ്ഞക്ക് പിന്നാലെ ഇന്ന് ചേര്‍ന്ന ആദ്യ മന്ത്രിസഭ യോഗം തീരുമാനിച്ചു. രണ്ടായിരം രൂപ വീതം 9 കോടിയിലധികം കർഷകർക്ക് നൽകുന്നതിനുള്ള ഫയലിലും മോദി ഒപ്പുവച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്