കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സംസ്ഥാന സർക്കാരുകൾ നൽകിവരുന്നത്. ഇതിനിടിയിൽ പഞ്ചാബിൽ നിന്നുള്ള ഒരു വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ലോക്ക്‌ ഡൗണിനെ തുടർന്ന് ആളുകൾ വീട്ടിലിരുന്നതോടെ കഷ്ടത്തിലായ വഴിയോരക്കച്ചവടക്കാരനിൽ നിന്ന് പച്ചക്കറികൾ പണം നൽകി വാങ്ങി അത് ആവശ്യമുള്ളവർക്ക് എത്തിച്ചു നൽകുകയാണ് പഞ്ചാബ് പൊലീസ്. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

രണ്ടു പൊലീസ് ഉദ്യോഗസ്ഥർ പച്ചക്കറിക്കടയിൽനിന്ന് തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, കോളിഫ്ളവർ എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾ വാങ്ങുന്നത് കാണാം. ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും കടക്കാരനും സാനിറ്റൈസർ നൽകുകയും ചെയ്യുന്നു. പിന്നാലെ സാധനങ്ങൾ വാഹനത്തിൽ കയറ്റി സാധാരണക്കാർക്ക് വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഇതിന് പിന്നാലെ പഞ്ചാബ് പൊലീസിനെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിം​ഗ് രം​ഗത്തെത്തി. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ‘വെൽഡൻ പഞ്ചാബ് പൊലീസ്’ എന്നാണ് അദ്ദേഹം ട്വീറ്റിനൊപ്പം കുറിച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പൊലീസുകാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.