ദില്ലി: ആമസോണ്‍ വില്‍പ്പനയ്ക്ക് വച്ച  ടോയ്‍ലെറ്റ് സീറ്റുകളില്‍ ഹന്ദു ദൈവത്തിന്‍റെ ചിത്രം ഉപയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം. സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയില്‍ പ്രചാരമുള്ള പ്രധാന റീട്ടെയില്‍ വെബ്സൈറ്റായ ആമസോണ്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള #BoycottAmazon കാംപയിന്‍ മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി.

ആമസോണിനെതിരായ പ്രതിഷേധം കമ്പനിക്ക് വില്‍പനയില്‍ വലിയ നഷ്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയടക്കം ടാഗ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ക്യാംപയിന്‍ നടക്കുന്നത്. 

എന്നാല്‍ ആമസോണ്‍ ഇത് സംബന്ധിച്ച് പെട്ടെന്നുള്ള പ്രതികരണത്തിന് തയ്യാറായിട്ടില്ല.  2017ൽ ഇന്ത്യൻ പതാകയുടെ ചിത്രം പതിച്ച ചവിട്ടി ആമസോണില്‍ വിൽപനയ്ക്ക് വന്നത് വലിയ വിവാദമായിരുന്നു. അന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ ഇടപെട്ട് ഇത്തരം ഉൽപ്പന്നങ്ങൾ പിൻവലിച്ച് ആമസോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

ആമസോൺ മാപ്പ് പറഞ്ഞതിന് തുടര്‍ന്നായിരുന്നു അന്നത്തെ ബോയ്കോട്ട് കാംപയിന്‍ അവസാനിച്ചത്. എന്നാല്‍ ഇപ്പോൾ ടോയ്‌ലറ്റ് സീറ്റ് , യോഗ പായകൾ, ഷൂസ് തുടങ്ങിയവയില്‍ വെബ്‌സൈറ്റിൽ ഉണ്ടെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. സംഭവം വിവാദമായതിന് പിന്നാലെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ പിന്‍വലിച്ചിട്ടുണ്ട്.