Asianet News MalayalamAsianet News Malayalam

ബഫർ സോൺ വിഷയം, കേന്ദ്ര നിലപാടില്‍ അവ്യക്തത, ഹര്‍ജിയില്‍ പുനപരിശോധനയ്ക്ക് നിര്‍ദേശമില്ല

ബഫർസോൺ വിധിക്കെതിരെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പുനപരിശോധനയ്ക്ക് നിര്‍ദേശമില്ല. വിധിയില്‍ വ്യക്തത വരുത്തണം എന്നുമാത്രമാണ് ആവശ്യം. 

Ambiguity in the central government stand on the buffer zone issue
Author
First Published Sep 9, 2022, 12:05 PM IST

ദില്ലി: ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ അവ്യക്തത. സുപ്രീംകോടതിയിൽ കേന്ദ്രം നല്‍കിയ ഹർജിയിൽ ബഫർസോൺ വിധി പുനപരിശോധിക്കണം എന്ന നിർദ്ദേശത്തിന് പകരം വ്യക്തതയാണ് തേടുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി മീ പ്രദേശം ബഫർസോണായി നിലനിർത്തണമെന്ന ഉത്തരവിനെതിരെ പുനപരിശോധന ഹർജി നല്‍കിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിധി പുനപരിശോധിക്കണം എന്ന നിർദ്ദേശം ഹർജിയിൽ ഇല്ല. വ്യക്തത തേടിക്കൊണ്ടുള്ള ഹർജിയാണ് കേന്ദ്രംം നല്‍കിയിരിക്കുന്നത്. 

ഒരു കിലോമീറ്റർ ബഫർ സോൺ നിശ്ചയിച്ച 44 എ ഖണ്ഡികയിൽ വ്യക്തത വേണം എന്നാണ് കേന്ദ്രത്തിന്‍റെ ആദ്യ അപേക്ഷ. ഇതിന് മുൻകാലപ്രാബല്യം ഉണ്ടോ എന്ന ചോദ്യം കേന്ദ്രം ഉന്നയിക്കുന്നു. ഇപ്പോൾ ഇത്തരം പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതിനകമുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി തേടണം എന്ന് നിർദ്ദേശിക്കുന്ന 44 ഇ ഖണ്ഡികയെക്കുറിച്ചും കേന്ദ്രം കൂടുതൽ വ്യക്തത തേടുന്നുണ്ട്. കേരളം നേരത്തെ പുനപരിശോധന ഹർജിയാണ് നല്‍കിയത്. കേന്ദ്രം വ്യക്തത മാത്രം തേടുന്നതിൽ കാര്യമില്ല എന്ന നിലപാട് സംസ്ഥാനം അറിയിക്കാനാണ് സാധ്യത. എന്നാൽ വിധിയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നല്‍കുന്ന വിശദീകരണം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്രം പറയുന്നു.

വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാണോയെന്ന് സുപ്രീംകോടതി പരിഗണിക്കും

വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാണോയെന്ന വിഷയം ഈ മാസം 19 ന് സുപ്രീംകോടതി പരിഗണിക്കും. ദില്ലി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിഷയം സുപ്രീംകോടതിക്ക് വിട്ടിരുന്നു. ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ വ്യത്യസ്ത നിലപാട് സ്വീകരിച്ചതു കൊണ്ടാണ് വിഷയം സുപ്രീംകോടതിക്ക് വിട്ടത്. ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള ബഞ്ച് വിഷയം പരിഗണിക്കും.

Follow Us:
Download App:
  • android
  • ios