കൊൽക്കത്ത: അമിത കൂലി നൽകാത്തതിന്റെ പേരിൽ കൊറോണ രോ​ഗികളായ കുട്ടികളെയും അവരുടെ അമ്മയെയും  ആംബുലൻസിൽ നിന്ന് ഡ്രൈവർ ഇറക്കി വിട്ടതായി പരാതി. ഒരു ഹോസ്പിറ്റലിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാനുള്ള ആറ് കിലോമീറ്ററിന് 9200 രൂപയാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടതെന്ന് കുട്ടികളുടെ പിതാവ് ആരോപിക്കുന്നു. പിന്നീട് ഡോക്ടർമാർ ഇടപെട്ട് 2000 രൂപയ്ക്ക് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

കൊറോണ ബാധിതരായ രണ്ട് ആൺകുട്ടികളാണ് ആംബുലൻസിലുണ്ടായിരുന്നത്. ഒരാൾക്ക് ഒൻപത് മാസവും അടുത്ത കുട്ടിക്ക് ഒൻപത് വയസ്സുമാണ്  പ്രായം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് സർക്കാർ‌ ആശുപത്രിയിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ആംബുലൻസ് വിളിച്ചത്. ഐസിഎച്ച് ആശുപത്രിയിൽ നിന്നും കൊൽക്കത്ത മെഡിക്കൽ കോളേജ് വരെ എത്താൻ 9200 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്. 

'ഇവിടെ നിന്നും വെറും ആറ് കിലോമീറ്റർ‌ ദൂരം മാത്രമുള്ള കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എന്റെ കുട്ടികളെ എത്തിക്കാൻ    9200 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്. എന്റെ കയ്യിൽ അത്രയും പണം ഇല്ലെന്ന് അയാളോട് യാചിച്ചു. എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ അയാൾ തയ്യാറായില്ല.' കുട്ടികളുടെ പിതാവ് പറയുന്നു.

ഇളയ കുട്ടിയുടെ ഓക്സിജൻ നീക്കം ചെയ്യുകയും ആംബുലൻസിൽ നിന്ന് കുട്ടികളെയും കൊണ്ട് ഇറങ്ങാൻ അമ്മയെ നിർബന്ധിക്കുകയും ചെയ്തെന്നും ഇയാൾ പറയുന്നു. ഹൂ​ഗ്ലി ജില്ലയിൽ നിന്നുളളവരാണ് ഈ കുടുംബം. ഐസിഎച്ചിലെ ഡോക്ടർമാരാണ് തന്നെ സഹായിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേർന്നു. അവർ സംഭവത്തിൽ ഇടപെട്ടതിനെ തുടർന്ന് 2000 രൂപയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ ഡ്രൈവർ തയ്യാറാകുകയായിരുന്നു.