അമേരിക്കൻ പൗരനായ ടോണി ക്ലോറിന് അഞ്ച് വർഷത്തെ ഇന്ത്യൻ വിസ ലഭിച്ചതിലുള്ള സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.  പ്രധാനമന്ത്രി മോദിയുടെ 'വെൽക്കം ഹോം ഭായി' സമീപനത്തെ എടുത്തുപറഞ്ഞു.  

ബെംഗളൂരു: തനിക്ക് ലഭിച്ച അഞ്ച് വർഷത്തെ ഇന്ത്യൻ വിസയുടെ വിവരം പങ്കുവെച്ചുകൊണ്ട് അമേരിക്കൻ പൌരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടുന്നു. ടോണി ക്ലോർ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന അമേരിക്കക്കാരൻ ക്ലോർ ആന്റണി ലൂയിസ് എന്നയാളാണ് തനിക്ക് 5 വർഷത്തെ ഇന്ത്യൻ വിസ ലഭിച്ച വിവരം പങ്കുവെച്ചത്. വിദേശ സാങ്കേതിക വിദഗ്ധരെ ഇന്ത്യ സ്വാഗതം ചെയ്യുന്നതിൽ ആവേശം പ്രകടിപ്പിച്ചുകൊണ്ടാണ് ടോണി ക്ലോർ തൻ്റെ ട്വീറ്റ് പങ്കുവെച്ചത്. 

‘’എനിക്ക് 5 വർഷത്തേക്ക് ഇന്ത്യൻ വിസ ലഭിച്ചിരിക്കുന്നു. വിദേശ എഐ നിർമ്മാതാക്കൾക്കായി ഇന്ത്യ തങ്ങളുടെ വാതിലുകൾ തുറക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിദേശികൾ രാജ്യം വിട്ട് പോകട്ടെ എന്നാണ് പറയുന്നത്''. എന്നാൽ 'വെൽക്കം ഹോം ഭായി' എന്നാണ് മോദി പറയുന്നതെന്ന് ടോണി ക്ലോർ എക്സിൽ കുറിച്ചു.

ഇന്ത്യൻ വിസ ലഭിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള അമേരിക്കൻ പൌരന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. 2025 സെപ്റ്റംബർ 23-നാണ് അദ്ദേഹത്തിന് ഇന്ത്യൻ വിസ ലഭിച്ചത്. ഓരോ സന്ദർശനത്തിലും അദ്ദേഹത്തിന് 180 ദിവസം വരെ ഇന്ത്യയിൽ തങ്ങാം. ആഗോള തലത്തിലുള്ള സാങ്കേതിക വിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ഇദ്ദേഹത്തിന് ലഭിച്ച വിസയെന്നാണ് വിലയിരുത്തൽ.

എക്സിൽ ടോണി ക്ലോർ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായതോടെ നിരവധിപ്പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി പങ്കുവെച്ചത്. അതിൽ ഒരു ഉപഭോക്താവ് പങ്കുവെച്ച കമന്റിൽ ഇന്ത്യൻ വിദ്യാർത്ഥികളെയും പുകഴ്ത്തുന്നു. ‘’ടെക്, എഐ, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ ഏറ്റവും മികച്ച ബുദ്ധിശാലികൾ ഇന്ത്യയിലുണ്ട്. ആ കഴിവുകൾ ഇന്ത്യയിൽ തന്നെ നിർമ്മാണത്തിനും നവീകരണത്തിനുമായി ഉപയോഗിക്കുകയാണെങ്കിൽ, പുരോഗതിയുടെ തോത് അവിശ്വസനീയമായിരിക്കും എന്നാണ് യുഎസിലെ മികച്ച യൂണിവേഴ്സിറ്റികളിൽ മിടുക്കരായ ഇന്ത്യക്കാർക്കൊപ്പം പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത ഒരാളെന്ന നിലയിൽ പറയാനുള്ളത്. അടുത്ത 10 വർഷത്തിനുള്ളിൽ ആഗോള ഭീമൻമാരുടെ കൂട്ടത്തിൽ ഒരൊറ്റ ഇന്ത്യൻ കമ്പനിയെങ്കിലും ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഈ ട്വീറ്റിന് ഒരാൾ കമന്റ് ചെയ്തു. 

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ്

Scroll to load tweet…