പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു എസ് കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താനായില്ല

ന്യൂയോർക്ക്: സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കും. പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു എസ് കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താനായില്ല. ഇതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.

അടച്ചുപൂട്ടൽ എങ്ങനെ ബാധിക്കും

അടച്ചുപൂട്ടല്‍ പ്രാബല്യത്തിലായതോടെ സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും ദുരിതത്തിലായി. ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടു. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതാകുന്ന അവസ്ഥയാണ്. ഏഴരലക്ഷം ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്കും പോയേക്കും. അടച്ചുപൂട്ടലിന്‍റെ ദൈര്‍ഘ്യമനുസരിച്ചിരിക്കും പ്രതിസന്ധിയുടെ ആഴം വ്യക്തമാകുക. സര്‍ക്കാര്‍ ജീവനക്കാരോട് അത്ര താത്പര്യമില്ലാത്ത ട്രംമ്പ് ജീവനക്കാരില്‍ കുറച്ചു പേരെയെങ്കിലും പിരിച്ചുവിടാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. തൊഴില്‍ കണക്കുകള്‍ പുറത്തുവിടുന്നതും സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ത്തിവെച്ചേക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം ലഭിക്കാതെ സാധാരണക്കാര്‍ വലയുമെന്ന് ഉറപ്പാണ്. സബ്സിഡി പദ്ധതികളുടെ നടത്തിപ്പും അവതാളത്തിലാകും. ദേശീയ പാർക്കുകൾ, മ്യൂസിയങ്ങൾ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം നിലയ്ക്കും. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടാകും. 2018 ല്‍ ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് 35 ദിവസം അമേരിക്ക അടച്ചുപൂട്ടിയിരുന്നു. 1981 ന് ശേഷം പതിനാഞ്ചാമത്തെ അടച്ചു പൂട്ടലിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.

ട്രംപിന്‍റെ വെല്ലുവിളികൾക്കിടെ പുടിൻ ഇന്ത്യയിലേക്ക്

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23 -ാമത് ഇന്ത്യ - റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. 2022 ഫെബ്രുവരിയിൽ റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ പുടിന്‍റെ ഈ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ - യുഎസ് ബന്ധത്തിൽ അടുത്ത കാലത്തായി ഉലച്ചിലുകൾ നേരിടുന്നുണ്ട്. എന്നാൽ റഷ്യയുമായും ചൈനയുമായുമുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്തു. റഷ്യയുമായുള്ള വ്യാപാരത്തിന്‍റെ പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധത്തിന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുകയും ചെയ്തിരുന്നു.