ദില്ലി: സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതില്‍ പ്രതികരണവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണൻ ഗോപിനാഥ്. അമിത് ഷാ നടത്തിയ നല്ല നീക്കമാണ്. നിങ്ങള്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാം പക്ഷേ നിശബ്ദനാക്കാന്‍ കഴിയില്ല. ഇവിടെ ആരും നിങ്ങളെ ഭയക്കുന്നില്ലെന്നാണ് കണ്ണന്‍ ഗോപിനാഥിന്‍റെ മറുപടി. 

കഴിഞ്ഞ ദിവസം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സർവീസ് തിരിച്ച് പ്രവേശിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൻ ഗോപിനാഥനോട് നിർദേശിച്ചിരുന്നു. നിർദേശം തള്ളിയ കണ്ണൻ സർകാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാർ ആണെന്നും സിവിൽ സർവീസിലേക്ക് തിരിച്ച് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് കണ്ണന്‍ ഗോപിനാഥിനെതിരെ കേസെടുത്തത്. ഗുജറാത്തിലെ രാജ്‌കോട്ട് ഭക്തിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് കണ്ണന്‍ ഗോപിനാഥിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു. പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു എന്നീ പരാതികളിലാണ് എഫ്ഐആര്‍.  
  രാജി വച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കണ്ണൻ ഗോപിനാഥന്റെ പ്രതികരണം. ജമ്മു കശ്മീർ വിഭജനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ദാദ്ര നഗർ ഹവേലി ഊർജ സെക്രട്ടറി ആയിരുന്ന കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി കണ്ണന്‍ ഗോപിനാഥ് ശക്തമായി രംഗത്തുവരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ നിരവധി തവണ കണ്ണന്‍ ഗോപിനാഥിന്റെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു