ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ അമിത് ഷാ ചെന്നൈയിലെത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ളവര്‍ വിമാനത്താവളത്തിൽ എത്തി അമിത് ഷായെ സ്വീകരിച്ചു. അമിത് ഷായ്ക്ക് ചെന്നൈയില്‍ വന്‍വരവേല്‍പ്പാണ് ബിജെപിഒരുക്കിയത്. വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരെ അമിത് ഷാ അഭിവാദ്യം ചെയ്യുകയും ചെയ്തു.  

എംജിആർ ജയലളിത അനുസ്മരണ സമ്മേളനത്തിൽ അൽപസമയങ്ങൾക്കകം അമിത് ഷാ പങ്കെടുക്കും. എംജിആറിൻ്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയാണ് അമിത് ഷാ. ബിജെപി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിൽ എങ്കിലും നിർണായക സഖ്യ ചർച്ചകളാണ് മുഖ്യം . സ്റ്റാലിനുമായി അകന്ന് നിൽക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും. സ്റ്റാലിൻ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാൽ, പുതിയ പാർട്ടി പ്രഖ്യാപിച്ച് എൻഡിഎയിൽ ചേരാനാണ് അളഗിരിയുടെ തീരുമാനം.