ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് റാലിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസംഗിക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.കെ. ശിവകുമാറിന് വേണ്ടി മുദ്രാവാക്യം വിളിച്ചു. പ്രകോപിതനായ സിദ്ധരാമയ്യ പ്രവർത്തകരോട് ദേഷ്യപ്പെടുകയും നിശബ്ദരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

ബെം​ഗളൂരു: റാലിക്കിടെ സദസിൽ ഡി.കെ. ശിവകുമാറിന് ജയ് വിളിച്ചതിൽ പ്രകോപിതനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ ചൊവ്വാഴ്ച നടന്ന റാലിയിലാണ് സംഭവം. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസംഗത്തിന് തൊട്ടുമുമ്പ് ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെയാണ് സിദ്ധരാമയ്യ പൊട്ടിത്തെറിച്ചത്. സിദ്ധരാമയ്യ കസേരയിൽ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് നടക്കുമ്പോൾ, പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗം ഡികെ, ഡികെ എന്ന് ആർത്തുവിളിച്ചതോടെ പ്രകോപിതനായി, ജനക്കൂട്ടത്തിന് നേരെ ദേഷ്യത്തോടെ നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടു. 

പക്ഷേ പ്രവർത്തകർ അനുസരിക്കാതെ വന്നതോടെ ആരാണ് 'ഡികെ, ഡികെ' എന്ന് വിളിച്ചുപറയുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു. ഇതോടെ അധ്യക്ഷൻ ഇടപെടുകയും മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കൾ മിണ്ടാതിരിക്കണം. മുഖ്യമന്ത്രിയാണ് പ്രസംഗിക്കുന്നത്. നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയാം. മുഖ്യമന്ത്രി പറയുന്നത് നിശബ്ദമായി കേൾക്കൂവെന്ന് അവതാരകൻ പറഞ്ഞു. എന്നാൽ, സിദ്ധരാമയ്യ പ്രസംഗിക്കാൻ തുടങ്ങിയതിനുശേഷവും മുദ്രാവാക്യമുയർന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിക്സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ, ആജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) തുടങ്ങിയ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തെ എതിർത്ത് നടത്തിയ റാലിക്കിടെയായിരുന്നു സംഭവം. ശിവകുമാർ, കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, പാർട്ടി മന്ത്രിമാർ, എംപിമാർ, നിയമസഭാംഗങ്ങൾ എന്നിവരോടൊപ്പം സിദ്ധരാമയ്യ പ്രതിഷേധത്തിൽ പങ്കുചേർന്നു. കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കം തുടരുന്നതിനിടെയാണ് സംഭവം.

Scroll to load tweet…