കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി പേരുമാറ്റ നീക്കത്തിനെതിരായ പ്രതിഷേധത്തിനിടെ, കർണാടകയിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. 

ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് മഹാത്മാഗാന്ധിയുടെ പേര് നൽകാൻ തീരുമാനിച്ച് കർണാടക സർക്കാർ. ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ റാലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുള്ളതുമായ രൺദീപ് സിംഗ് സുർജേവാലയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരം പുതിയ ഗ്രാമീണ തൊഴിൽ പദ്ധതിയായ 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G)' എന്നാക്കി മാറ്റിയതിനെതിരെയാണ് പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്രാമീണ ജനതയ്ക്ക് തൊഴിൽ ഉറപ്പുനൽകുന്ന മഹാത്മാഗാന്ധിയുടെ പേരിലുള്ള നിയമത്തിൽ മാറ്റം വരുത്തുന്നത് പാവപ്പെട്ടവർക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗവർണർ തവാർചന്ദ് ഗെലോട്ടിന് നിവേദനം സമർപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ലോക് ഭവനിലേക്ക് മാർച്ച് ചെയ്യാനൊരുങ്ങവെയാണ് ഗ്രാമപഞ്ചായത്തുകൾക്ക് മഹാത്മാഗാന്ധിയുടെ പേര് നൽകണമെന്ന തന്റെ ആശയം സുർജേവാല പരസ്യമാക്കുകയും തന്റെ നിർദ്ദേശം പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അത് പെട്ടെന്ന് അംഗീകരിച്ചു.

കർണാടകയിലെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകുമെന്ന് ഞങ്ങൾ തീരുമാനിച്ചതായി ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗാന്ധിജിയുടെ പേര് ശാശ്വതമാക്കുന്നതിനാണ് ഞങ്ങളുടെ പാർട്ടി ഫ്രീഡം പാർക്കിൽ ഈ തീരുമാനം എടുത്തത്. വരും ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളും മഹാത്മാഗാന്ധി ഗ്രാമപഞ്ചായത്ത് എന്നറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.