ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത്ഷായുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഷഹീന്‍ബാഗിലെ സമരക്കാര്‍. ആര് ചര്‍ച്ചക്ക്
തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന അമിത്ഷായുടെ പ്രസ്താവന ഏറ്റെടുത്താണ് നാളെ തന്നെ ചര്‍ച്ചയാകാമെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയുള്ള ആരുമായും ചര്‍ച്ചക്ക് തയ്യാര്‍. ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സമയവും സ്ഥലവും അറിയിക്കും. ഒരു ഇംഗ്ലീഷ് ചാനലിന്‍റെ പരിപാടിയിലാണ്  അമിത്ഷാ നിലപാടറിയിച്ചത്. അങ്ങനെയെങ്കില്‍ അമിത്ഷായുമായി ചര്‍ച്ചക്ക് തയ്യാറെന്ന് വ്യക്തമാക്കിയ ഷഹീന്‍ബാഗിലെ സമരക്കാര്‍ നാളെ രണ്ട് മണിക്ക് കാണാമെന്നാണ് പറയുന്നത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമമെന്നാവശ്യപ്പെട്ട് നാളെ അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും  സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ക്ഷണം കിട്ടിയാല്‍ മാത്രം ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതിയെന്നാണ് സമരക്കാരില്‍ ഒരു വിഭാഗത്തിന്‍റെ നിലപാട്. അതേ സമയം
ഷഹീന്‍ബാഗുകാര്‍ ചര്‍ച്ചക്ക് സമയം തേടിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗില്‍ സമരം തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ സമരം ദില്ലി തെരഞ്ഞെടുപ്പ് ഫലത്തിലും നിര്‍ണ്ണായകമായി.